തിരുവനന്തപുരം : സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ഒൻപത് വർഷം തടവും 50,000 രൂപ പിഴയും. ചെമ്പഴന്തി ഞാണ്ടൂർക്കോണം മൂഴിത്തലയ്ക്കൽ വീട്ടിൽ സ്മിത എസ്.നായർ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവായ വട്ടപ്പാറ പള്ളിവിള വീട്ടിൽ പദ്മകുമാർ, ഭർതൃമാതാവ് ശ്യാമള എന്നിവരെയാണ് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി ജോൺസൺ ശിക്ഷിച്ചത്. 2004 ൽ വിവാഹസമയത്ത് പ്ദമകുമാറിന് 135 പവൻ ആഭരണങ്ങളും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി നൽകിയിരുന്നു.എന്നാൽ പിന്നീട്
സ്മിതയുടെ വീട്ടുകാരോട് അഞ്ചുലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു.ലഭിക്കാതായപ്പോൾ ദേഹോപദ്രവമേൽപ്പിച്ചതിനെ തുടർന്നാണ് സ്മിത ആത്മഹത്യ ചെയ്തതെന്നാണ് കേസ്. ഡിവൈ.എസ്.പി പി.അശോക് കുമാർ, കെ.ഇ .ബൈജു എന്നിവരാണ് അന്വേഷണം നടത്തിയത്. സ്ത്രീധന മരണത്തിന് ഏഴും സ്ത്രീധന പീഡനത്തിന് രണ്ടും വർഷം വീതം കഠിന തടവാണ് അനുഭവിക്കേണ്ടത്. സ്മിതയുടെ ഏക മകൾക്ക് വിക്ടിം കോംപൻസേഷൻ സ്‌കീം പ്രകാരം തുക നൽകുന്നതിന് ലീഗൽ സർവീസസ് അതോറിട്ടിക്ക് ശുപാർശ നൽകണമെന്ന വാദവും കോടതി അംഗീകരിച്ചു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ ഡോ .ടി.ഗീനാകുമാരി ഹാജരായി.