pp-rd

കല്ലറ: പാങ്ങോട് - പഴവിള - പാട്ടറ റോഡ് തകർന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതം വിതയ്ക്കുന്നു. പൂർണമായും തകർന്ന നിലയിലുള്ള ഈ റോഡിലൂടെ യാത്ര ചെയ്യാൻ സർക്കസ് പഠിക്കണമെന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ രൂപപ്പെട്ട ചെറിയ കുഴികൾ ഇപ്പോൾ വലിയ കുഴികളായി മാറി. ഈ വൻകുഴികളിൽ കയറിയിറങ്ങിയാണ് വാഹനങ്ങളുടെ യാത്ര. പഴവിള ഗവ. എൽ പി സ്കൂൾ, സമീപത്തെ യു.പി സ്കൂൾ എന്നിവയ്ക്ക് സമീപവും വലിയ ഗർത്തങ്ങൾ ഉണ്ട്. വേനൽക്കാലത്ത് ഇവിടെ പൊടിക്കാറ്റിന്റെ ശല്യം രൂക്ഷമായി മാറും. ഇത് വിദ്യാർത്ഥികളിൽ ശ്വാസംമുട്ടൽ പോലെയുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു. മഴപെയ്യുമ്പോൾ ഈ കുഴികൾ വെള്ളം നിറഞ്ഞ് അപകടങ്ങളുണ്ടാകാറുണ്ട്. പാങ്ങോട് ജംഗ്ഷനിൽ നിന്നും പഴവിള വഴി വെള്ളംകുടി, പാട്ടറ, കല്ലറ ജംഗ്ഷൻ എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന റോഡാണിത്. പതിറ്റാണ്ടായി തകർന്ന് കിടന്ന റോഡ് ഒരു വർഷം മുമ്പാണ് അറ്റകുറ്റപ്പണികൾ നടത്തി നവീകരിച്ചത്. എന്നാൽ പണികൾ പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തന്നെ റോഡ് പഴയ സ്ഥിതിയിൽ ആവുകയായിരുന്നു. പാങ്ങോട് മുതൽ വാഴത്തോപ്പുപച്ച വരെ ഒരു കിലോമീറ്റർ റോഡ് പത്തു ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മിച്ചത്. നിർമ്മാണത്തിലെ അപാകതയാണ് റോഡിന് ഈ ഗതി വരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. റോ‌ഡുപണിയിൽ അപാകതയുള്ള കാര്യം പണി നടന്നപ്പോൾ തന്നെ നാട്ടുകാർ അധിക‌ൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. റോഡ്‌ തകർന്നു തരിപ്പണമായതോടെ കാൽനട, ഇരുചക്ര വാഹനയാത്രക്കാർ ദുരിതത്തിലാണ്. എന്നിട്ടും അധികാരികൾ നിസംഗത പാലിക്കുന്നത് വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. റോഡ്‌ അടിയന്തരമായി പുനർനിർമിക്കണമെന്നാവശ്യപ്പെട്ടു പ്രത്യക്ഷ സമരത്തിന്‌ ഒരുങ്ങുകയാണ്‌ നാട്ടുകാർ.