കാട്ടാക്കട: ഗിഫ്റ്റ് തിലോപ്പി മത്സ്യ കൃഷി വിളവെടുപ്പും ആദ്യ വില്പനയും അമ്പലത്തിൽകാല ആലംകോട് കായൽത്തീരം ഓർഗാനിക്ക് ഫിഷ് ഫോമിൽ ഐ.ബി. സതീഷ്.എം.എൽ.എ നിർവഹിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഉപവിഭാഗമായ നാഷണൽ അക്വാട്ടിക്ക് അനിമൽ ഹെൽത്ത് വികസിപ്പിച്ചെടുത്ത നൂതന മത്സ്യ കൃഷി രീതിയായ ഹൈ ഡൻസിറ്റി റീ സർക്കുലേഷൻ സിസ്റ്റം വഴിയാണ് മത്സ്യം ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ വിജയവാഡയിലെ രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ നിന്നും ഗിഫ്റ്റ് തിലോപ്പിയ ഇനം മത്സ്യ കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ 100 ശതമാനം ജൈവ ആഹാരം മാത്രം നൽകി ശുദ്ധജലത്തിൽ വളർത്തി. വിളവെടുപ്പ് ദിവസം തന്നെ 150 കിലോ മത്സ്യങ്ങൾ വിൽക്കാനായെന്ന് ഫാം ഉടമ ഷിബു പറയുന്നു. മൂന്നു സെന്റ് ഭൂമിയിൽ മൂന്നു കുളങ്ങളിലായാണ് ഇവിടെ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നത്. രുചിയിൽ കരിമീനിനെ വെല്ലുന്ന മത്സ്യമാണ് ഗിഫ്റ്റ് തിലോപ്പി എങ്കിലും ആവശ്യക്കാർക്ക് വേണ്ടി കരിമീനും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഡോ. രഞ്ജിത് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുജാത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽകുമാർ, ആർ. ശ്രീകണ്ഠൻ, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ആന്റണി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ വിജയൻ, ഫിഷറീസ് പ്രമോട്ടർ സോമൻ, എം.എസ്. മിഥുൻ എന്നിവർ സംസാരിച്ചു.