img

ശിവഗിരി: കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെട്ട ശ്രീനാരായണഗുരു തീർത്ഥാടന സർക്യൂട്ടിന്റെ ഭാഗമായ നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം ഫെബ്രുവരി 10ന് ശിവഗിരിയിൽ കേന്ദ്രമന്ത്റി അൽഫോൺസ് കണ്ണന്താനം നിർവഹിക്കും. പദ്ധതിയുടെ നിർവഹണ ഏജൻസിയായ ഐ.ടി.ഡി.സിയുടെ ഉന്നതതല സംഘം ഇന്നലെ ശിവഗിരി മഠത്തിലെത്തി സന്യാസി ശ്രേഷ്ഠരടക്കമുള്ളവരുമായി വിശദമായ ചർച്ച നടത്തി. പദ്ധതി നടത്തിപ്പിന് ആദ്യഗഡുവായി 70 കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്റാലയം അനുവദിച്ചത്.

ശിവഗിരിമഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ, അരുവിപ്പുറം എന്നീ തീർത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിനാണ് തുക വിനിയോഗിക്കുക.

ഐ.ടി.ഡി.സിയുടെ കോമേഴ്സ്യൽ വിഭാഗം ഡയറക്ടർ പീയൂഷ് തിവാരി, ഡയറക്ടർ കെ. പത്മകുമാർ, എൻജിനിയറിംഗ് വിഭാഗം വൈസ് പ്രസിഡന്റ് രവി പണ്ഡിറ്ര്, സീനിയർ മാനേജർമാരായ പ്രവീൺ ആർ. നായർ, പ്രദീപ്കുമാർ ഹരിഹരപുരം എന്നിവർ ഉൾപ്പെട്ട സംഘമാണ് ശിവഗിരി മഠത്തിലെത്തിയത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ശിവഗിരിമഠം പ്രോജക്ട് മാനേജർ സതീഷ് കുമാർ എന്നിവരുമായുള്ള ചർച്ചകൾക്ക് ശേഷം വികസന പ്രവർത്തനങ്ങൾക്കുള്ള സ്ഥലങ്ങൾ സന്ദർശിച്ചു.

ശിവഗിരി മഠത്തിന്റെ പഴയ ഓഫീസ് കെട്ടിടം നിൽക്കുന്ന സ്ഥലമാണ് ഫെസിലിറ്രേഷൻ സെന്ററിനായി കണ്ടെത്തിയിട്ടുളളത്. ശിവഗിരി മഠത്തിലേക്ക് കവാടവും നിർമ്മിക്കുന്നുണ്ട്. പദ്ധതി നടത്തിപ്പിനുള്ള പ്രോജക്ട് ഓഫീസിനായി നിശ്ചയിച്ചിട്ടുള്ള ശങ്കരാനന്ദനിലയവും സംഘം സന്ദർശിച്ചു. 39 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ശിവഗിരി മഠത്തിൽ നടപ്പാവുന്നത്. കുന്നുംപാറയിൽ 8 കോടി രൂപയുടെയും അരുവിപ്പുറത്ത് 14 കോടി രൂപയുടെയും ചെമ്പഴന്തിയിൽ 3.50 കോടി രൂപയുടെയും വികസനപ്രവർത്തനങ്ങളാണ് നടപ്പിലാവുന്നത്.

ഫോട്ടോ: ഐ.ടി.ഡി.സിയുടെ ഉന്നതതല സംഘം ശിവഗിരിയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരുമായി ചർച്ച നടത്തുന്നു