vithura

വിതുര: തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. വിതുര ആനപ്പാറ ചിറ്റാർ റോഡരികത്ത് വീട്ടിൽ കെ. ഹസൻഖനിയാണ് (78) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിതുര ആനപ്പാറ ചിറ്റാർ സ്വദേശി സലീമിനെ (48) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സലീം അപകടനില തരണം ചെയ്തയായി ഡോക്ടർ അറിയിച്ചു.

ഇന്നലെ രാവിലെ പത്തരയോടെ പൊന്മുടി - വിതുര റോഡിൽ ആനപ്പാറ ചിറ്റാർ ജംഗ്ഷനിലായിരുന്നു സംഭവം. റോഡരികിലെ മുള്ളിലവ് മരത്തിലുള്ള കൂട്ടിൽ പരുന്ത് തട്ടിയതോടെയാണ് തേനീച്ചകൾ കൂട്ടത്തോടെ ഇളകിയത്. ഇതിന് സമീപമാണ് ഹസൻഖനിയുടെ വീട്. സംഭവസമയം വീടിന് മുന്നിൽ സംസാരിച്ച് നിൽക്കുകയായിരുന്ന ഹസൻഖനിയെയും സലീമിനെയും തേനീച്ചകൾ കുത്തിപ്പരിക്കേല്പിച്ചു. കുത്തേൽക്കുമെന്ന പേടിയിൽ നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തിനും ബുദ്ധിമുട്ടുണ്ടായി.

അവശനിലയിലായ ഇരുവരെയും ആട്ടോറിക്ഷയിൽ വിതുര ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഹസൻഖനി മരിച്ചു. ഹസൻഖനിയെ രക്ഷിക്കാനെത്തിയ മകൻ റാഫിക്കും കുത്തേറ്റു. മൂന്ന് ദിവസം മുമ്പും ഇവിടെ തേനീച്ചക്കൂടിളകി വീട്ടമ്മയെ കടിച്ചിരുന്നു. ഹസൻഖനിയുടെ മൃതദേഹം സന്ധ്യയോടെ വിതുര ജുമാമസ്ജിദിൽ കബറടക്കി. ഭാര്യ : ആരിഫാബീവി. മക്കൾ : നസീർ, റാഫി, ഷൈല. മരുമക്കൾ : സുരേഖ, നജിമ, നൗഷാദ്.