തിരുവനന്തപുരം:കേരള കോൺഗ്രസ് - മാണി ഗ്രൂപ്പ് വീണ്ടുമൊരു പ്രതിസന്ധിയുടെ വക്കിലെത്തിയത് കോൺഗ്രസ് നേതൃത്വത്തിനും തലവേദനയാകുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരള കോൺഗ്രസിലെ ഈ ചേരിപ്പോര് ഇടത്, വലത് മുന്നണികളും ഉറ്റുനോക്കുന്നു.
ജോസഫിന്റെ പ്രിയശിഷ്യനായ കെ. ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസ് ഇടതുമുന്നണിയുടെ ഘടകകക്ഷിയാണിപ്പോൾ. ഫ്രാൻസിസ് ജോർജുമായുള്ള സഹകരണ സാദ്ധ്യത പി.ജെ. ജോസഫ് തള്ളിയില്ലെങ്കിലും മാണിയെ പിളർത്തി അദ്ദേഹം യു.ഡി.എഫ് വിടാൻ ഇടയില്ല. മാണിയുടെ നിഴലിൽ തുടരുന്നതിൽ അർത്ഥമില്ലെങ്കിലും മാണി ഗ്രൂപ്പിൽ നിന്നുകൊണ്ട് യു.ഡി.എഫിലെ സമ്മർദ്ദഗ്രൂപ്പായി കാര്യങ്ങൾ നേടുകയാണ് ലക്ഷ്യം. മാണിയും ജോസഫും വെവ്വേറെ സീറ്റുകൾക്കായി സമ്മർദ്ദം ശക്തമാക്കിയാൽ എങ്ങനെ നേരിടുമെന്നതാണ് കോൺഗ്രസിന്റെ വെല്ലുവിളി. കോൺഗ്രസിന് നിർണ്ണായകമാകുന്ന തിരഞ്ഞെടുപ്പാണ് വരുന്നത്. പരമാവധി സീറ്റുകൾ പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈ സാഹചര്യത്തിൽ മാണിഗ്രൂപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. മാണിഗ്രൂപ്പ് പിളർന്നാലും ഫ്രാൻസിസ് ജോർജോ ഇടതുമുന്നണിയോ ജോസഫ് ഗ്രൂപ്പിന്റെ വരവ് പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ആ ഭിന്നിപ്പ് ഫ്രാൻസിസ് ജോർജിന്റെ പാർട്ടിക്ക് മദ്ധ്യതിരുവിതാംകൂറിൽ കൂടുതൽ അണികളെ നേടിക്കൊടുക്കുമെന്ന പ്രതീക്ഷ ഇടത് നേതൃത്വത്തിനുണ്ട്.
സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നതാണ് ജോസഫിന്റെ നിലപാട്. ഇടുക്കിയോ ചാലക്കുടിയോ കിട്ടണം. കിട്ടിയാൽ ജോസഫ് മത്സരിക്കും. പകരം തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മകനെ മത്സരിപ്പിക്കും. ഇന്ന് തലസ്ഥാനത്ത് ഗാന്ധിജി രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് നടത്തുന്ന സർവ്വമതപ്രാർത്ഥനയ്‌ക്ക് വിവിധ ജില്ലകളിലെ ജോസഫ് ഗ്രൂപ്പ് നേതാക്കൾ എത്തുന്നുണ്ട്. കൂട്ടായ്മ ശക്തമാക്കുന്നതിന്റെ ആദ്യനീക്കം ഇവിടെ തുടങ്ങും.
മാണിഗ്രൂപ്പിൽ ജോസഫ് ലയിച്ച അന്ന് മുതൽ ഇടുക്കി സീറ്റ് ചോദിക്കുന്നുണ്ടെങ്കിലും ഒടുവിൽ മാണി വിട്ടുവീഴ്ച ചെയ്ത് ചതിക്കുകയാണെന്ന് ജോസഫ് കരുതുന്നു. പാർട്ടിയിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ല. കോട്ടയം ലോക്‌സഭാംഗമായ ജോസ് കെ.മാണിയെ രാജി വയ്പിച്ച് രാജ്യസഭയിലേക്കയച്ചതിലും വർക്കിംഗ് ചെയർമാനായ തന്നെ മറികടന്ന് വൈസ് ചെയർമാനെ മുന്നോട്ട് കൊണ്ടുവരാൻ കേരളയാത്ര സംഘടിപ്പിച്ചതിലും ജോസഫിന് അമർഷമുണ്ട്. ആ പ്രതിഷേധത്തിന്റെ സൂചകമാണ് ഇന്നത്തെ സർവ്വമതപ്രാർത്ഥന. ഉമ്മൻ ചാണ്ടിക്കായി മാണി കോട്ടയം വിട്ടുകൊടുക്കട്ടെയെന്നാണ് ജോസഫിന്റെ നിലപാട്.
മാണിയെ ഇടതുപാളയത്തിൽ എത്തിക്കുന്നതിന് തടയിട്ട് യു.ഡി.എഫിലേക്ക് തിരിച്ചെത്തിച്ചതിൽ ജോസഫിന്റെ തന്ത്രങ്ങളാണെന്ന് അംഗീകരിക്കുന്ന കോൺഗ്രസിന് അതുകൊണ്ടുതന്നെ ജോസഫിനെ തള്ളിപ്പറയാനാവില്ല. അതുകൊണ്ടുതന്നെ ജോസഫിനോട് അനുനയസമീപനം യു.ഡി.എഫിൽ നിന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.
ഇടതുമുന്നണിയിൽ ജനാധിപത്യ കേരള കോൺഗ്രസ് ചാലക്കുടി, കോട്ടയം, പത്തനംതിട്ട സീറ്റുകളിലൊന്ന് പ്രതീക്ഷിക്കുന്നുണ്ട്. ജോസഫിന്റെ കരുനീക്കങ്ങൾ കൂടി അറിഞ്ഞിട്ടാവും അന്തിമമായി അവർ ഇടതിനോട് സീറ്റ് ആവശ്യപ്പെടുക. ജോസഫിന്റെ എതിരാളിയാവാൻ ഫ്രാൻസിസ് തയ്യാറാവില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലത്ത് ടി.യു. കുരുവിളയ്ക്കെതിരെ മത്സരിക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല.
'ജോസഫ് വിഭാഗവുമായുള്ള ലയനത്തിന്റെ പൂർണഗുണം പാർട്ടിക്ക് ലഭിച്ചിട്ടില്ല. ജോസ് കെ മാണിയുടെ കേരളയാത്ര ഉദ്ഘാടനം ചെയ്തപ്പോൾ ജോസഫിന്റെ എതിർപ്പ് ശ്രദ്ധയിൽ പെട്ടിട്ടില്ല. കോട്ടയം സീറ്റ് ആർക്കും വിട്ടുകൊടുക്കില്ല. ഊതിക്കാച്ചിയ പൊന്നുപോലുള്ള സ്ഥാനാർത്ഥി അവിടുണ്ടാകും.
- കെ.എം. മാണി
കേരളകോൺഗ്രസ് (എം) ചെയർമാൻ
'ലയനത്തിന്റെ ഗുണം എനിക്കൊപ്പം നിൽക്കുന്നവർക്ക് ലഭിച്ചിട്ടില്ല .ജോസ് കെ മാണിയുടെ കേരളയാത്ര പാർട്ടിയിൽ വേണ്ടത്ര ചർച്ചചെയ്യാത്തതാണ് പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിക്ക് കാരണം.കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന നിലപാടിൽ മാറ്റമില്ല. ഫ്രാൻസിസ് ജോർജ് വിഭാഗം സ്വാഗതം ചെയ്തത് സാധാരണം .കേരളകോൺഗ്രസുകൾ ലയിക്കുക പതിവാണ് .അതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല".
- പി.ജെ. ജോസഫ്
കേരളകോൺ(എം) വർക്കിംഗ് ചെയർമാൻ