d

ബാലരാമപുരം: വേനൽ കടുക്കുന്നതിന് മുൻപ് തന്നെ പഞ്ചായത്ത് കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തുകയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പള്ളിച്ചൽ - വിളവൂർക്കഷ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പണിപൂർത്തിയായ വണിഗർ തെരുവിലെ കുടിവെള്ള ടാങ്കിന്റെ ഉദ്ഘാടനം വൈകുന്നതിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പഞ്ചായത്തിലെ 20 വാർഡിലും പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന്റെ പണികൾ നേരത്തെ പൂർത്തിയായെങ്കിലും ചില പ്രദേശങ്ങളിൽ ദേശീയപാത അതോറിട്ടിയിൽ നിന്നും റെയിൽവേയിൽ നിന്നും അനുമതി ലഭിക്കാത്തതിനാൽ പൈപ്പ് ലൈൻ കണക്ട് ചെയ്യുന്നത് മൂന്ന് മാസത്തോളമായി മുടങ്ങിക്കിടക്കുകയാണ്. റെയിൽവേ ലൈൻ കടന്നുപോകുന്ന തലയൽ മഹാദേവപുരം, മുക്കംപാലമൂട് ഭാഗങ്ങളിൽ പൈപ്പ് ലൈൻ ബന്ധിപ്പിക്കുന്നതിന് റെയിൽവേ അനുമതി നിഷേധിച്ചിരിക്കുകയാണ്.

റെയിൽവെ ടണലിന് മുകളിൽ വെട്ടിക്കുഴിച്ചാൽ ഫുട്ട്ഓവറിന് ബലക്ഷയം വരുമെന്നാണ് അധികൃതരുടെ വിശദീകരണം. ഒപ്പം നേമം മുതൽ നെയ്യാറ്റിൻകര വരെ രണ്ട് ട്രാക്കിന് റെയിൽവെ ഡിവിഷൻ അനുമതി നൽകിയിരിക്കുന്നതിനാൽ മറ്റ് പ്രാദേശിക വർക്കുകൾക്ക് അനുമതി നൽകണ്ടായെന്നാണ് റെയിൽവെയുടെ തീരുമാനം. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബാലരാമപുരം പഞ്ചായത്ത് എം.പിമാരായ ശശിതരൂരിനും എ.സമ്പത്തിനും പരാതി നൽകിയെങ്കിലും ഇതേവരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. ബാലരാമപുരം ജംഗ്ഷനിൽ റോഡ് മുറിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ദേശീയപാത അതോറിറ്റിയുടെ അനുമതിയും വേണം. ഭീമമായ നഷ്ടപരിഹാരം ഹൈവേ അതോറിട്ടി ആവശ്യപ്പെടുന്നതിനാൽ ഈ ഭാഗത്തും പണികൾ തടസ്സപ്പെട്ടിരിക്കുകയാണ്. കരമന-കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ടനിർമ്മാണ ജോലികൾ ഊരാളുങ്കൽ സ്വകാര്യ സംരംഭത്തിന് കൈമാറിയതിനാൽ ഇനി അവരുടെ അനുമതി ലഭിച്ചാൽ മാത്രമേ ദേശീയപാതമുറിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കാൻ കഴിയുകയുള്ളൂ. റെയിൽവെ അധികൃതരുമായി ചർച്ച നടക്കുന്നുണ്ടെന്നും എത്രയും വേഗം അനുമതി നൽകുമെന്ന പ്രതീക്ഷയിലാണെന്നും വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായി വിളവൂർക്കൽ പഞ്ചായത്തിൽ കുടിവെള്ളവിതരണം എല്ലാ വാർഡിലും ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. നബാർഡ് ഫണ്ടായ 38 കോടി രൂപയാണ് പദ്ധതിക്കായി മൂന്ന് വർഷം മുമ്പ് അനുവദിച്ചത്.ബാലരാമപുരത്ത് വണിഗർ തെരുവിൽ ടാങ്ക് പണിയാൻ 7 സെന്റ് സ്ഥലമാണ് പഞ്ചായത്ത് വിട്ടുനൽകിയിരിക്കുന്നത്. ചൂഴാറ്റുകോട്ടയിൽ നിന്നും ശുദ്ധീകരിച്ച വെള്ളം മൊട്ടമൂട് ജലസംഭരണിയിൽ ശേഖരിച്ചാണ് ബാലരാമപുരത്തെ ടാങ്കിൽ എത്തിക്കുന്നത്. ടാങ്കിന്റെ നിർമ്മാണത്തിനായി പൊളിച്ചുമാറ്റിയ വണിഗർ തെരുവിലെ അംഗൻവാടി പുന:സ്ഥാപിക്കുമെന്നും പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. നിലവിൽ ആറാലുംമൂട് വാട്ടർ അതോറിട്ടിയാണ് ബാലരാമപുരം പഞ്ചായത്ത് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. വരൾച്ച രൂക്ഷമാകുന്നതോടെ ബാലരാമപുരം നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ്.