vizhinjam

തിരുവനന്തപുരം: ആവശ്യമായ പാറ യഥാസമയം കിട്ടാത്തതിനാൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ട നിർമ്മാണം വരുന്ന ഡിസംബറിൽ പൂർത്തിയാവില്ലെന്ന് ഉറപ്പായി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞെങ്കിലും അതിന് വിദൂര സാധ്യതപോലുമില്ല.
പാറ എടുക്കേണ്ട ക്വാറികൾ സംബന്ധിച്ച് അന്തിമ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. ഡിസംബർ നാലിന് ആദ്യഘട്ടം പൂർത്തിയാക്കി കമ്മിഷൻ ചെയ്യാനായിരുന്നു ധാരണ.

ഓഖി കടൽക്ഷോഭവും നാട്ടുകാരുടെ പുനരധിവാസ സമരങ്ങളും പാറ ക്ഷാമവും കാരണം സാവകാശം വേണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയിട്ടില്ല. പാറ കിട്ടിയാൽ അടുത്ത വർഷം പകുതിയോടെ ഒന്നാം ഘട്ടം പൂർത്തിയാക്കാമെന്ന് കമ്പനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്.


പാറയുണ്ട്, പക്ഷേ...

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 23 ക്വാറികളിൽനിന്ന് പാറയെടുക്കാനായിരുന്നു തീരുമാനം. തുടർനടപടികൾ പ്രളയം കാരണം മുന്നോട്ടുപോയില്ല. പ്രളയാനന്തര സാഹചര്യത്തിൽ ക്വാറികൾക്ക് ഖനന, പാരിസ്ഥിതികാനുമതികൾ ലഭ്യമാക്കണം. ഇതിനായി വകുപ്പ് മേധാവികളുടെയും കളക്ടർമാരുടെയും യോഗം വിളിക്കണം.
തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് ഫെബ്രുവരിയിൽ കല്ലെത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ഉടൻ നടപ്പാകില്ല. കാരണം, വില സംബന്ധിച്ച് ക്വാറി ഉടമകളുമായി ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. കടൽമാർഗം എത്തിക്കുന്നതിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. കേരളത്തിലെ ക്വാറികളിലെ നിശ്ചിത വിഹിതം നൽകണമെന്ന സർക്കാർ നിർദ്ദേശം നടപ്പാക്കാനും ക്വാറി ഉടമകളുടെ യോഗം വിളിക്കണം. അഞ്ച് ഹെക്ടറിൽ താഴെയുള്ള ക്വാറികളിൽനിന്ന് കല്ലെടുക്കുന്നത് കേന്ദ്ര ഹരിത ട്രൈബ്യൂണൽ വിലക്കിയിട്ടുമുണ്ട്.

വേണ്ടത് 75 ലക്ഷം ടൺ പാറ

പുലിമുട്ടിന് 65 ലക്ഷം ടൺ പാറ വേണം. 10 ലക്ഷം ടൺ ബെർത്ത് നിർമ്മാണത്തിനും വേണം. 3.1 കിലോമീറ്റർ നീളത്തിലാണ് പുലിമുട്ട്. വെറും 600 മീറ്റർ മാത്രമാണ് ഇതുവരെ പാറ അടുക്കിയത്.


മറ്റു പ്രവൃത്തികൾ നവംബറിൽ തീരും

പുലിമുട്ട് ഒഴികെയുള്ള നിർമ്മാണപ്രവൃത്തികൾ നവംബറിൽ തീരും. 70 ശതമാനം ജോലികൾ കഴിഞ്ഞു. ബെർത്തിനുള്ള 615 പൈലുകളിൽ 90 ശതമാനവും പൂർത്തിയായി. ആധുനിക മത്സ്യബന്ധന തുറമുഖം, കണ്ടെയ്നർ, കാർഗോ യാർഡ്, വൈദ്യുതി സബ് സ്‌റ്റേഷൻ എന്നിവയുടെ നിർമ്മാണവും ഡ്രഡ്ജിംഗും പുരോഗമിക്കുന്നു. ബാലരാമപുരം-വിഴിഞ്ഞം തുറമുഖ ഭൂഗർഭ റെയിൽപാതയ്ക്കായി പദ്ധതി റിപ്പോർട്ട് കൊങ്കൺ റെയിൽവേ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

പാറ കിട്ടാത്തത് മാത്രമാണ് പ്രശ്നം. മറ്റു പ്രവൃത്തികൾ തീരുമാനിച്ചപ്രകാരം വേഗത്തിൽ നീങ്ങുന്നുണ്ട്. പുലിമുട്ട് ഒഴികെ എല്ലാ ജോലികളും നവംബറിൽ തീരും.

-അദാനി ഗ്രൂപ്പ്

പത്തനംതിട്ടയടക്കമുള്ള ജില്ലകളിൽനിന്ന് കല്ലെടുക്കാൻ ആഗസ്റ്റിനു മുമ്പ് ധാരണയായതാണ്. പ്രളയം കാരണം തുടർനടപടി നീണ്ടുപോയി. കഴിവതും വേഗം ക്വാറികൾക്ക് എൻ.ഒ.സി ലഭ്യമാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.

-തുറമുഖമന്ത്രിയുടെ ഓഫീസ്‌