ആ​റ്റിങ്ങൽ: പാചക വാതക സിലിണ്ടറിലെ ചോർച്ച പരിശോധിക്കുന്നതിനിടെ തീ പടർന്ന് ഗ്യാസ് ഏജൻസി ജീവനക്കാരായ മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേ​റ്റു. ആ​റ്റിങ്ങൽ തോട്ടവാരം കോണത്തുവീട്ടിൽ രവീന്ദ്രൻ (50), കിഴുവിലം ചി​റ്റാ​റ്റിൻകര കളിയിലിൽ വീട്ടിൽ മുരളീധരൻ (അനന്ദു - 51), മാമം സ്വദേശി സുധീർ (36) എന്നിവർക്കാണ് പരിക്കേ​റ്റത്. ഇവരെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളൽ ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആറ്റിങ്ങൽ സുധ ഗ്യാസ് ഏജൻസിയിലെ ജീവനക്കാർക്കാണ് അപകടമുണ്ടായത്. പരിക്കേ​റ്റ രവീന്ദ്രന്റെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെയാണ് സംഭവം. രവീന്ദ്രൻ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനാണ്. വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായെന്ന സംശയത്തെ തുടർന്ന് ഗ്യാസ് കൊണ്ടുപോകുന്ന വാഹനത്തിലെ ഡ്രൈവറായ മുരളീധരനും സഹായി സുധീറും രവീന്ദ്രനും സിലിണ്ടർ പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടർ ബന്ധിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുമ്പോൾ തീ ആളിപ്പടരുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികൾ തീകെടുത്തിയശേഷം ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സിലിണ്ടർ പൊട്ടിത്തെറിക്കുകയോ മ​റ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.