മുംബയ് : മുംബയ് ശ്രീനാരായണ മന്ദിര സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവഗിരിയിൽ 18-ാമത് ഗുരു ദേവഗിരി തീർത്ഥാടനം ഫെബ്രുവരി 1, 2, 3 തീയതികളിൽ നടക്കും.
ഫെബ്രുവരി ഒന്നിന് സാംസ്കാരിക പരിപാടികൾ. 7.15ന് ജയചന്ദ്ര ബാബുവിന്റെ പഠനക്ളാസ്. ഫെബ്രുവരി മൂന്നിന് രാവിലെ 8ന് ഗുരുദേവന്റെ ദിവ്യ ദന്തദർശനവും ഗുരുപൂജയും. 10ന് നെരുൾ ഈസ്റ്റ് സെക്ടർ ഒന്നിലെ ശിവാജിചൗക്കിൽ നിന്ന് ഗുരുദേവഗിരിയിലേക്ക് പുഷ്പാലംകൃതരഥത്തിൽ ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് നവി മുംബയ് മേയർ ജയവന്ത് ദത്താത്രേയ സുതർ ഫ്ളാഗ് ഒഫ് ചെയ്യും. ഒരു മണിക്ക് നടക്കുന്ന തീർത്ഥാടന സമ്മേളനത്തിൽ മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് ഡി മഹാജൻ മുഖ്യാതിഥിയായിരിക്കും. മന്ദ മഹ്‌ത്രേ എം.എൽ.എയും സംബന്ധിക്കും. ശ്രീനാരായണധർമ്മസംഘ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി 7ന് അച്ചുതമാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക.
ഗുരുവിന്റേതായി അവശേഷിക്കുന്ന ദിവ്യദന്തം ഗുരുദേവഗിരിയിലെ ക്ഷേത്രത്തിൽ സ്വർണ പേടകത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. തീർത്ഥാടനത്തിന്റെ സമാപന ദിവസം ഇത് ഭക്തജനങ്ങൾക്ക് ദർശിക്കാം.