നെടുമങ്ങാട് : റോഡും പുറമ്പോക്ക് ഭൂമിയും കൈയേറി ലക്ഷങ്ങൾ വിലമതിക്കുന്ന തൊണ്ടി വാഹനങ്ങൾ ലേലം ചെയ്യാൻ പോലും അധികൃതർ തയാറാകുന്നില്ലെന്ന് പരാതി. നെടുമങ്ങാട് സബ് ഡിവിഷൻ പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒന്നര കോടിയോളം രൂപയുടെ വാഹനങ്ങളാണ് മഴയും വെയിലുമേറ്റ് ഗതാഗത തടസമുണ്ടാക്കി കാടും പടർപ്പും കയറി നശിക്കുകയാണ്. ചെങ്കോട്ട- തിരുവനന്തപുരം ഹൈവേയിലെ കല്ലമ്പാറയിൽ ഉപേക്ഷിച്ചിരുന്ന വാഹനങ്ങളാണ് കഴിഞ്ഞ ദിവസം കത്തി നശിച്ചത്. കല്ലമ്പാറ പാലത്തിന്റെ ഒരുവശത്ത് തുടങ്ങിയ തൊണ്ടി നിക്ഷേപം റോഡിന്റെ ഇരു ഭാഗങ്ങളും കൈയടക്കിയതോടെ ചെങ്കോട്ട അന്തർസംസ്ഥാന ഹൈവേയിൽ ഗതാഗത തടസവും തുടങ്ങി. ജെ.സി.ബിയും ലോറികളും ഓട്ടോറിക്ഷയുമെല്ലാം ജീർണാവസ്ഥയിൽ മാലിന്യം നിറഞ്ഞു കിടക്കുന്നതിനാൽ ഇഴജന്തുശല്യം രൂക്ഷമാണ്. ഗേൾസ് ഹയർസെക്കന്ററി സ്‌ക്കൂളിന് എതിർവശത്തായിരുന്നു നേരത്തെ തൊണ്ടി മുതൽ നിക്ഷേപിച്ചിരുന്നത്. ഈ സ്ഥലം നഗരസഭ വാഹന പാർക്കിംഗ് യാർഡിനായി വാങ്ങിയതോടെയാണ് കല്ലമ്പാറയിലെ പൊതുനിരത്ത് പൊലീസ് കൈയേറിയത്. നെടുമങ്ങാട്ട് പൊതുസ്ഥലത്താണെങ്കിൽ സബ് ഡിവിഷനു കീഴിലെ പാലോട് സർക്കിൾ സ്റ്റേഷനിലും വലിയമല, അരുവിക്കര സബ് ഇൻസ്‌പെക്ടർ കാര്യാലയങ്ങളിലും മുറ്റം മറച്ചാണ് തൊണ്ടി മുതൽ സൂക്ഷിക്കുന്നത്. സ്ഥലപരിമിതിയിൽ വീർപ്പ് മുട്ടുന്ന സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
തൊണ്ടി വാഹനങ്ങൾ തുരുമ്പെടുത്ത് നശിച്ച് പോകാതെ ആവശ്യക്കാർക്ക് ലേലം ചെയ്തു കൊടുക്കുന്ന പദ്ധതി ആഭ്യന്തരവകുപ്പ് നടപ്പാക്കിയിട്ടുണ്ടെങ്കിലും നെടുമങ്ങാട് ഡിവിഷനിൽ ഇത് നടപ്പിലായിട്ടില്ല. ഇത്തരം വാഹനങ്ങളുടെ എഞ്ചിൻ ഉൾപ്പടെയുള്ള പ്രധാന ഭാഗങ്ങൾ കവർച്ച ചെയ്യപ്പെടുന്നത് പതിവാണ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മുൻ ഡിവൈ.എസ്.പി സ്റ്റേഷൻ ഹൌസ് ഓഫീസർമാർക്ക് സർക്കുലർ അയച്ചിരുന്നു. അതാത് സ്റ്റേഷൻ പരിധികളിൽ പൊതുസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടിട്ടുള്ള തൊണ്ടി വാഹനങ്ങളുടെ കണക്ക് ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ലേലം വിളിക്കാൻ മുൻകൈ എടുക്കണമെന്നുമായിരുന്നു നിർദ്ദേശം. കല്ലമ്പാറയിൽ തൊണ്ടി മുതലുകളുടെ കാവലിനായി പൊലീസുകാർ ഡ്യൂട്ടിയിലുള്ളപ്പോഴാണ് തീപിടിത്തത്തിൽ നൂറുകണക്കിന് വാഹനങ്ങൾ കത്തിനശിച്ചത്.
പൊലീസിന്റെ കസ്റ്റഡി വാഹനങ്ങൾ കത്തിനശിച്ചത് നഗരസഭയുടെ മാലിന്യശേഖരണ-സംസ്കരണ യൂണിറ്റിൽ നിന്ന് തീ പടർന്നാണെന്ന് സൂചന. കല്ലമ്പാറയിൽ തൊണ്ടി വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനോട് ചേർന്നാണ് പ്ലാസ്റ്റിക് മാലിന്യസംസ്കരണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഇവിടെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കൂട്ടിയിട്ട്
കത്തിച്ചതാണ് കസ്റ്റഡി വാഹനങ്ങളിലേയ്ക്ക് തീ പടരാൻ കാരണമായതെന്നാണ് പൊലീസ് നൽകുന്ന സൂചന. സംസ്കരണ യൂണിറ്റിലാണ് ആദ്യം തീയും പുകയും കണ്ടതെന്നും പിന്നീട് കാറ്റിൽ തൊണ്ടി വാഹനങ്ങളിലേയ്ക്ക് ആളിപ്പടർന്നതാകാമെന്നുമാണ് സംശയം. എന്നാൽ, നഗരസഭ വൃത്തങ്ങൾ ഇത് നിഷേധിച്ചു.