മലയിൻകീഴ് : സർക്കാർ പ്രാഥമിക വിദ്യാലയങ്ങളിൽ ആദ്യ ഹൈടെക് സ്കൂളുകളായി ഊരൂട്ടമ്പലം ഗവ: എൽ പി, യു. പി. സ്കൂളുകളെ ആദ്യ ഹൈടെക് ആയി മാറ്റുന്നതിന്റെ നിർമ്മാണോദ്‌ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. 4.35 കോടി രൂപയുടെ വികസന പദ്ധതികളാണ് രണ്ട് സ്‌കൂളുകളിലുമായി നടപ്പിലാക്കുന്നത്. 2017-ലെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയൻ ഊരൂട്ടമ്പലം സർക്കാർ പ്രാഥമിക വിദ്യാലയങ്ങളെ ഹൈടെക് ആയി ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഐ.ബി. സതീഷ് എം.എൽ.എ യുടെ ഇടപെടലുകളാണ് ഈ ബൃഹത് പദ്ധതിക്ക് തുടക്കം കുറിക്കാനായതെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളെല്ലാം ഹൈടെക് ആകുന്നതോടെ പ്രധാന അദ്ധ്യാപകർക്ക് പകരം പ്രിൻസിപ്പൽ മാരാകുമെന്നും മന്ത്രി പറഞ്ഞു ഐ.ബി. സതീഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് അംഗം പി.എസ്. മായ സ്വാഗതം പറഞ്ഞു. അദ്ധ്യാപക പ്രതിനിധി ടി.എസ്. അജി, സാമൂഹ്യ പ്രവർത്തകൻ പി.എസ്. പ്രഷീദ്, പി.ടി.എ പ്രസിഡന്റുമാരായ പി. ബ്രൂസ്, കെ.രാജേഷ്, പ്രധാന അദ്ധ്യാപകർ എന്നിവർ സംസാരിച്ചു.