തിരുവനന്തപുരം:ശബരിമല മണ്ഡല- മകരവിളക്കു കാലത്തെ വരുമാനക്കുറവു വരുത്തിയ പ്രതിസന്ധി പരിഹരിക്കാൻ ദേവസ്വംബോർഡ് സർക്കാർ സഹായം തേടും. ചോദിക്കേണ്ട തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ലെങ്കിലും, കുറഞ്ഞത് 250 കോടി കിട്ടണമെന്നതാണ് ബോർഡിന്റെ നിലപാട്. ഇന്നലെ ചേർന്ന ബോർഡ് യോഗം ഇക്കാര്യം ചർച്ച ചെയ്തു.
നടവരവിൽ മുൻവർഷത്തെ അപേക്ഷിച്ച് 99 കോടിയുടെ കുറവാണ് ഇക്കുറിയുണ്ടായത്. കഴിഞ്ഞ സീസണിൽ 279 കോടിയായിരുന്ന നടവരവ് ഇത്തവണ 180 കോടിയായി കുറഞ്ഞു. യുവതീപ്രവേശന വിധിയെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ കാരണം തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവാണ് ബോർഡിനു വിനയായത്. സാമ്പത്തിക പ്രതിസന്ധിയുണ്ടായാൽ ആവശ്യമായ സഹായം നൽകുമെന്ന് ബോർഡിന് മുഖ്യമന്ത്രി നേരത്തേ ഉറപ്പു നൽകിയിരുന്നു.
തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ് ശബരിമല.വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളുടെ കാര്യങ്ങൾ ഓരോ വർഷവും നടന്നുപോകുന്നത് ശബരിമല വരുമാനം ആശ്രയിച്ചാണ്.ക്ഷേത്രങ്ങളിലെയും ബോർഡിലെയും ജീവനക്കാരുടെ ശമ്പളവും പെൻഷനും കൊടുക്കാൻ മാത്രം പ്രതിവർഷം 650 കോടിയോളം രൂപയാണ് ബോർഡിനു വേണ്ടത്.ക്ഷേത്രങ്ങളിൽ സ്വന്തം നിലയ്ക്കു നടത്തുന്ന മരാമത്തു ജോലികൾക്കു വേണ്ട ചെലവ് ഇതിനു പുറമേ. ചെറുതും വലുതുമായി 1250 ഓളം ക്ഷേത്രങ്ങളാണ് ബോർഡിന് കീഴിലുള്ളത്.
10 കോടിക്കു മുകളിൽ
ശബരിമല കഴിഞ്ഞാൽ 10 കോടിയിലധികം വാർഷികവരുമാനമുള്ള പ്രധാന ക്ഷേത്രങ്ങൾ:
ഏറ്റുമാനൂർ മഹാദേവക്ഷേത്രം
ചെട്ടികുളങ്ങര ഭഗവതിക്ഷേത്രം
വൈക്കം മഹാദേവർ ക്ഷേത്രം
കൊട്ടാരക്കര ഗണപതി ക്ഷേത്രം
തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രം
തിരുവനന്തപുരം ഹനുമാൻ ക്ഷേത്രം
ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി തീർക്കാൻ സർക്കാർ സഹായം തേടും. എന്നാൽ എത്ര തുക ആവശ്യപ്പെടണമെന്ന കാര്യത്തിൽ അന്തിമമായ കണക്ക് തയ്യാറാക്കിയിട്ടില്ല.
കെ.പി.ശങ്കരദാസ് (ബോർഡ് മെമ്പർ)