animal

ഉൽക്ക വന്നിടിച്ചിട്ടും അഗ്നിപർവത സ്ഫോടനങ്ങളുണ്ടായിട്ടും ഒരു ജീവജാലത്തിനും സഹിക്കാനാകാത്തവിധം കാലാവസ്ഥാ മാറ്റങ്ങളുണ്ടായിട്ടും അതിനെയൊക്കെ പുഷ്പം പോലെ നേരിട്ട ഒരു ജീവിയുടെ ഫോസിലുണ്ട് ശാസ്ത്രജ്ഞരുടെ കൈയിൽ. ദിനോസറുകളെക്കാളും ഭീകരന്മാരായിരിക്കും അവയെന്ന് കരുതിയെങ്കിൽ തെറ്റി, ഇതൊരു ഇത്തിരിക്കുഞ്ഞൻ. കഷ്ടിച്ച് ഒരു മീറ്റർ കാണും നീളം. മേലാകെ രോമവും കാർന്നു തിന്നാനുള്ള കൂർത്ത പല്ലുകളുമൊക്കെയായി നമ്മുടെ മലയണ്ണാനെപ്പോലെയിരിക്കും. സസ്തനികളുടെ പരിണാമചക്രത്തിലെ ഒരു നിർണായക വിടവാണ് കിംബെട്ടോസാലിസ് സൈമൺസെ എന്നു പേരിട്ട ഈ ജീവിയുടെ വരവോടെ നികത്തപ്പെട്ടിരിക്കുന്നത്. ദിനോസറുകൾക്ക് വംശനാശം സംഭവിക്കുന്നതിനും 10 കോടി വർഷങ്ങൾക്കു മുൻപാണ് കിംബെട്ടോസാലിസ് ഭൂമിയിൽ ജന്മമെടുക്കുന്നത്. പിന്നീട് 12 കോടി വർഷത്തോളം ഭൂമിയിൽ ജീവിച്ചു. അതിനിടെയായിരുന്നു ‘ലോകാവസാനം’. ഉൽക്ക ആക്രമണത്തെ അതിജീവിച്ച ഇവ ഇന്ന് ഏഷ്യയും വടക്കേ അമേരിക്കയും ആയി മാറിയ ഭൂഭാഗങ്ങളിലായിരുന്നു ജീവിച്ചിരുന്നത്.

എഡിൻബറ സർവകലാശാല, ന്യൂ മെക്സിക്കോ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി ആൻഡ് സയൻസ്, നെബ്രാസ്ക സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷരാണ് വടക്കുപടിഞ്ഞാറൻ ന്യൂമെക്സിക്കോയിൽ നിന്ന് ഇവയുടെ ഫോസിൽ കണ്ടെത്തിയത്. മൂർച്ചയുള്ള പല്ലുകളുള്ളതിനാൽ കരണ്ടുതിന്നുന്ന ‘റൊഡന്റ്’ വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. നിരനിരയായി അത്തരം പല്ലുകളുള്ള മൾട്ടി ട്യൂബെർക്കുലേറ്റ്സ് വിഭാഗത്തിൽപ്പെട്ട ജീവികളുടെ പിൻഗാമിയായിരിക്കണം കിംബെട്ടോസാലിസ് എന്നും നിഗമനമുണ്ട്. മരങ്ങൾ കരണ്ടുമുറിച്ച് അവ കൊണ്ട് വെള്ളത്തിൽ അണകെട്ടി ജീവിക്കുന്ന ബീവറുകൾക്കാണ് ഇവയുമായി ഇന്ന് ഏറെ സാമ്യമുള്ളത്. ദിനോസറുകളുടെ വംശനാശം എങ്ങനെയായിരുന്നുവെന്ന പഠനത്തിലും നിർണായക വിവരങ്ങളാണ് കിംബെട്ടോസാലിസിന്റെ കണ്ടെത്തലോടെ ലഭിച്ചത്.