train-759

തിരുവനന്തപുരം: പ്രതിപക്ഷ കക്ഷികളുടെ 48 മണിക്കൂർ ദേശീയ പണിമുടക്കിൽ സംസ്ഥാനത്ത് ട്രെയിൻ തടഞ്ഞ സി.പി.എം, സി.ഐ.ടി.യു നേതാക്കൾക്കെതിരെ റെയിൽവേയുടെ നിയമ നടപടികൾ അന്തിമഘട്ടത്തിലേക്ക്. ട്രെയിൻ തടഞ്ഞവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് ഡിവിഷണൽ റെയിൽവെ അധികൃതരുടെ തീരുമാനം. ട്രെയിൻ ഉപരോധം മൂലം റെയിൽവേയ്ക്കുണ്ടായ സാമ്പത്തികനഷ്ടം ഈടാക്കാൻ സിവിൽ കേസിനും നടപടി തുടങ്ങി.

പണിമുടക്കു നടന്ന ജനുവരി 8,9 തീയതികളിൽ സംസ്ഥാനത്ത് പലേടത്തും ട്രെയിനുകൾ തടഞ്ഞിരുന്നു. തിരുവനന്തപുരത്ത് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടിയുമാണ് ട്രെയിൻ തടയലിന് നേൃതൃത്വം നൽകിയത്. അന്ന് റെയിൽവേ സംരക്ഷണ സേന പകർത്തിയ ചിത്രങ്ങൾ തെളിവാക്കി, കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. മൂന്നൂറോളം പേർക്കെതിരെ 29 കേസുകളാണ് തിരുവനന്തപുരം ഡിവിഷനിൽ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഉപരോധത്തെ തുടർന്ന് സംസ്ഥാനത്ത് പല ട്രെയിനുകളും റദ്ദാക്കുകയും വേണാട് എക്സ്‌പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ പാതിവഴിയിൽ റദ്ദാക്കുകയും ചെയ്തിരുന്നു. റിസർവേഷൻ യാത്രക്കാർ ടിക്കറ്റ് റദ്ദാക്കിയതു മൂലം പണം മടക്കി നൽകേണ്ടി വന്നു. ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ഓരോ സ്റ്റേഷനിലും ഉണ്ടായത്. റെയിൽവേ നിയമപ്രകാരമുള്ള കേസിന് പുറമേയാണ് നഷ്ടപരിഹാരത്തിനായുള്ള സിവിൽ കേസും ആലോചിക്കുന്നത്.