തിരുവനന്തപുരം:നവകേരള നിർമ്മാണത്തിന്റെ ഭാഗമായി, പ്രളയത്തിൽ തകർന്ന 5000 വീടുകളുടെ ദുർബലാവസ്ഥ മാറ്രാൻ 16,500 രൂപവീതം നൽകുന്ന പ്രത്യുത്ഥാൻ പദ്ധതി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അപേക്ഷകരിലെ കാൻസർ രോഗികൾക്കും മറ്റ് മാരക,കിടപ്പ് രോഗികൾക്കും പദ്ധതിയിൽ മുൻഗണന നൽകും.
സംസ്ഥാന ദുരന്ത നിവാരണഅതോറിട്ടി ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പിണറായി.
ഈ നൂറ്റാണ്ടിലെ വലിയ ദുരന്തമായിരുന്നു പ്രളയം.അതിനെ ചെറുക്കാനുള്ള പ്രവർത്തനങ്ങളിൽ സാമൂഹിക പ്രതിബദ്ധതയോടെ യുവജനങ്ങൾ നല്ല നിലയിലുണ്ടായിരുന്നു. അവർക്ക് പരിശീലനം നൽകാനുള്ള നടപടികൾ 'ആപതാമിത്ര ' എന്ന പേരിൽ തുടങ്ങിക്കഴിഞ്ഞു.100 വോളന്റിയർമാരാണ് ആദ്യബാച്ചിലുള്ളത്.എല്ലാ പ്രദേശത്തും ഇത് നല്ല നിലയിൽ തുടരണം.
പ്രളയം പോലുള്ള ആപത്ത് ഏതു ഘട്ടത്തിലും വരാം.ഇതിനെ ചെറുക്കാൻ പൊതുസമൂഹത്തെ ബോധവത്കരിക്കണം. ഇപ്പോൾ സർക്കാർ കേന്ദ്രീകരിക്കുന്നത് നാടിന്റെ പുനർനിർമാണത്തിലാണ്.പുനർനിർമാണം എന്നത് തട്ടിക്കൂട്ടിയാൽ പോരാ,പുതിയ കേരളം സൃഷ്ടിക്കണം. നല്ല നിലയിൽ നാടിനെ വികസിപ്പിക്കണം.അതിനുള്ള കൂട്ടായ ശ്രമങ്ങളാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതീക്ഷിക്കാതെ എത്തുന്ന ദുരന്തങ്ങളെ പരീക്ഷണമായി കണ്ട് അതിൽ നിന്ന് പാഠം പഠിക്കണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.മന്ത്രി വി.എസ്.സുനിൽകുമാർ,മേയർ വി,കെ.പ്രശാന്ത്, ദേശീയ ദുരന്തനിവാരണ അതോറിട്ടി മെമ്പർ കമൽകിഷോർ തുടങ്ങിയവർ പ്രസംഗിച്ചു.ദുരന്തനിവാരണ വകുപ്പ് അഡിഷണൽ സെക്രട്ടറി പി.എച്ച്. കുര്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച പി.എച്ച്.കുര്യനെയും ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയർമാൻ ജി.ശങ്കറെയും മുഖ്യമന്ത്രി പൊന്നാടയണിയിച്ചു.
ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി ഡോ.ശേഖർ എൽ.കുര്യാക്കോസ്, സ്വാഗതവും ഹസാർഡ് ആൻഡ് റിസ്ക് അനലിസ്റ്റ് എസ്.പാർവതി നന്ദിയും പറഞ്ഞു.