ആ​റ്റിങ്ങൽ: ബൈക്കിലെത്തിയ രണ്ടംഗസംഘം വീട് അടിച്ചുതകർക്കുകയും യുവതിയെയും ബന്ധുവിനെയും മർദ്ദിക്കുകയും ചെയ്‌തു. ഊരുപൊയ്‌ക മങ്കാട്ടുമൂലയിൽ രഘുനാഥന്റെ എസ്.കെ ഹൗസിന് നേരെയാണ് ആക്രമണം. തിങ്കളാഴ്ച രാത്രി 11.30ഓടെ മാരകായുധങ്ങളുമായെത്തിയവരാണ് ആക്രമണം നടത്തിയത്. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന സംഘം ടി.വിയും ഇലക്ട്രോണിക് ഉപകരണങ്ങളും അടിച്ചുതകർത്തു. ഈ സമയം രഘുനാഥൻ, ഭാര്യ സാവിത്രി, മരുമകൾ ഷീന, മൂന്ന് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഷീനയുടെ മുറിയിൽ കടന്നുകയറിയ അക്രമികൾ ഇവരെ മുടിക്ക് ചു​റ്റിപ്പിടിച്ച് മർദ്ദിച്ചു. രഘുനാഥനും ഭാര്യയുമുള്ള മുറിയിലേക്ക് അക്രമികൾ കടന്നില്ല. ബഹളംകേട്ട് ഓടിയെത്തിയ രഘുനാഥന്റെ സഹോദരൻ രാജീവിനെയും അക്രമികൾ മർദ്ദിച്ചു. വീടിന് മു​റ്റത്തിരുന്ന ബൈക്ക് അടിച്ചുതകർത്തു. പൊലീസ് സ്ഥലത്തെത്തും മുമ്പ് അക്രമികൾ രക്ഷപ്പെട്ടു. രഘുനാഥൻ മങ്കാട്ടുമൂലയിൽ കട നടത്തുകയാണ്. ഹർത്താൽ ദിനത്തിൽ ഒരു യുവാവ് കടയ്‌ക്കുള്ളിൽ കയറി സാധനവും പണവും മോഷ്ടിച്ചിരുന്നു. ഇതേക്കുറിച്ച് രഘുനാഥൻ പൊലീസിൽ പരാതി നൽകി. ഈ കേസിലെ പ്രതിയും കൂട്ടാളിയുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്ന് പൊലീസ് പറഞ്ഞു.