5
കാര്യവട്ടം സ്റ്റേഡിയത്തിൽ തേനീച്ചയുടെ ആക്രമണത്തിൽ രക്ഷപ്പെട്ട് പുറത്തേക്ക് പോകുന്ന കാണികൾ

തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബിൽ ഇന്ത്യ എയും ഇംഗ്ളണ്ട് ലയൺസും തമ്മിലുള്ള നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ഗാലറിയിലെ തേനീച്ചകളുടെ കുത്തേറ്റ് അഞ്ചുപേർക്ക് പരിക്ക്. ഗാലറിയുടെ ബി.സെക്ടറിലെ മേൽക്കൂരയുടെ അടിയിലെ ഇരുമ്പുപൈപ്പിലുണ്ടായിരുന്ന പെരുംതേനീച്ചകളുടെ കൂടിന് ആരോ കല്ലെറിഞ്ഞതാണ് അപകടമുണ്ടാക്കിയത്.

തേനീച്ചകൾ കൂട്ടത്തോടെ ഗാലറിയിലേക്ക് എത്തിയപ്പോൾ കാണികൾ ചിതറിയോടി. ഇതിനിടയിൽ പരിക്കേറ്റ വട്ടിയൂർക്കാവ് സ്വദേശികളായ ഗായത്രി(37), വിപിൻ (41), വർക്കല സ്വദേശി ഫയാന (20), ചെങ്കൽ സ്വദേശി അഭിജിത്ത് (20) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.

തേനീച്ചകൾ ഗ്രൗണ്ടിലേക്ക് ഇറങ്ങാതിരുന്നതിനാൽ കളിക്കാർക്ക് അപകടമുണ്ടായില്ല. എന്നാൽ, 15 മിനിട്ടോളം മത്സരം നിറുത്തിവച്ച് കളിക്കാർ മൈതാനമധ്യത്തേക്ക് മാറി. നൂറോളംപേർ മാത്രമേ ഗാലറിയിലുണ്ടായിരുന്നുള്ളൂ.