പാലോട്: നിർദ്ദിഷ്ട പെരിങ്ങമ്മല മാലിന്യപ്ലാന്റ് പദ്ധതി പ്രദേശം ഉന്നതാധികൃതർ സന്ദർശിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഒടുവിൽ അംഗീകരിക്കപ്പെടുന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് ഡോ. എം.സി. ദത്തനും ജില്ലാകളക്ടർ ഡോ. വാസുകിയും ഫെബ്രുവരി 4 നു രാവിലെ 11ന് പെരിങ്ങമ്മല സന്ദർശിക്കുമെന്ന് സമരസമിതി ഭാരവാഹികൾക്ക് അറിയിപ്പ് ലഭിച്ചു. ശാസ്ത്രീയ പഠനമൊന്നും കൂടാതെയാണ് മാലിന്യപ്ലാന്റിന് ജൈവ മേഖലയായ പെരിങ്ങമ്മല നിശ്ചയിച്ചതെന്നും അധികൃതർ സ്ഥലം സന്ദർശിക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകൾ നിയമസഭയിലേക്ക് സങ്കടജാഥ എന്ന പേരിൽ ലോംഗ് മാർച്ച് നടത്തിയിരുന്നു. ഇതേതുടർന്ന് കളക്ടറേറ്റിൽ വിളിച്ചുചേർത്ത തെളിവെടുപ്പിൽ ഡോ. എം.സി. ദത്തൻ ഇതുസംബന്ധിച്ച് സമരക്കാർക്ക് ഉറപ്പു നൽകിയിരുന്നെങ്കിലും സന്ദർശനം വൈകിയതോടെയാണ് ഉണർത്തുജാഥയുമായി ജനങ്ങൾ വീണ്ടും സമര രംഗത്തിറങ്ങിയത്. 38 കുടിവെള്ള പദ്ധതികളെ മലിനമാക്കുന്ന നിർദ്ദിഷ്ട പദ്ധതിയെക്കുറിച്ച് തീരവാസികളിൽ ബോധവത്കരണം നടത്താൻ ലക്ഷ്യമിട്ട് ആരംഭിച്ച കാൽനട ജാഥയ്ക്ക് ആറു യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും തദ്ദേശ ജനപ്രതിനിധികളും പിന്തുണ നൽകി രംഗത്തെത്തിയിരുന്നു. പദ്ധതിക്കെതിരെ വാമനപുരം നദിക്കരയിലെ യു.ഡി.എഫ് ഗ്രാമപഞ്ചായത്തുകൾ പ്രമേയവും പാസാക്കി. എന്നാൽ പദ്ധതിക്ക് സ്ഥലം നിശ്ചയിച്ച പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ഭരണസമിതിയും നേതൃത്വം നൽകുന്ന സി.പി.എമ്മും പ്രമേയം അവതരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ്.

മനുഷ്യസാഗരം ഇന്ന്

പാലോട് : 214 ദിവസം പിന്നിടുന്ന പെരിങ്ങമ്മല മാലിന്യപ്ലാന്റ് വിരുദ്ധ സമരത്തെ സർക്കർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 26ന് പെരുമാതുറ കടലോരത്ത് നിന്ന് പുറപ്പെട്ട ഉണർത്തുജാഥ ഇന്ന് പാലോട്ട് മനുഷ്യസാഗരമായി സമാപിക്കും. വൈകിട്ട് നാലിന് ചേരുന്ന സമാപന സമ്മേളനത്തിൽ ആദിവാസികളും തോട്ടം തൊഴിലാളികളും ഉൾപ്പെടെ ആയിരങ്ങൾ അണിനിരക്കും. പ്രൊഫ. എം.എൻ. കാരശേരി, കൂടംകുളം സമരനായകൻ എസ്.പി. ഉദയകുമാർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള, കെ.എസ്. ശബരീനാഥൻ എം.എൽ.എ, അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ, സാമൂഹ്യ പ്രവർത്തകരായ റോയ് അറക്കൽ, മോഹനൻ ത്രിവേണി, രഘു കാണി, ശശിധരൻ കാണി തുടങ്ങിയവർ സംസാരിക്കും. സമരസമിതി നേതാക്കളായ നിസാർ മുഹമ്മദ് സുൽഫി, സി. മഹാസേനൻ, ശ്രീലത ശിവാനന്ദൻ, സലിം പള്ളിവിള, അസിം പള്ളിവിള, സോഫി തോമസ്, കൊച്ചുവിള അൻസാരി, ശരവൺ ചന്ദ്ര തുടങ്ങിയവർ നേതൃത്വം നൽകും.