തിരുവനന്തപുരം : ഗാലറിയിലെ തേനീച്ച വിളയാട്ടത്തിനിടയിലും ആവേശത്തോടെ കളിച്ച ഇന്ത്യ എ ടീം കാര്യവട്ടം സ്പോർട്സ് ഹബിലെ നാലാം ഏകദിനത്തിലും ഇംഗ്ളണ്ട് ലയൺസിനെ കീഴടക്കി. ഇന്നലെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം.
അജിങ്ക്യ രഹാനെയ്ക്ക് പകരമെത്തിയ ഋഷഭ് പന്തിനെയും കെ.എൽ. രാഹുലിനെയും കുടിയിറക്കിയ ഇന്ത്യ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ജയിച്ചിരുന്നെങ്കിലും ആവേശത്തിനൊട്ടും കുറവ് വരുത്തിയില്ല. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലയൺസിനെ 50 ഓവറിൽ 221/8 എന്ന സ്കോറിൽ ഒതുക്കിയ ശേഷം 46.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 76 പന്തുകളിൽ ആറ് ഫോറുകളും മൂന്ന് സിക്സുകളുമടക്കം 73 റൺസുമായി പുറത്താകാതെ നിന്ന ഋഷഭ് പന്തും 47 പന്തിൽ രണ്ട് വീതം സികസും ഫോറുമടിച്ച ദീപക് ഹൂഡയും 77 പന്തുകളിൽ 42 റൺസ് നേടിയ ലോകേഷ് രാഹുലും ഇന്ത്യൻ ചേസിംഗിൽ നിർണായക പങ്ക് വഹിച്ചു.
ആദ്യ ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് ലയൺസിനെ നാല് വിക്കറ്റ് വീഴ്ത്തിയ ശാർദ്ദൂൽ താക്കൂറും രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹറും ചേർന്നാണ് നിയന്ത്രിച്ചു നിറുത്തിയത്. അഞ്ചാം ഓവറിൽ ഓപ്പണർ ജാക്സിന്റെ കുറ്റി തെറുപ്പിച്ച് നല്ല തുടക്കമിട്ട താക്കൂർ ഒൻപതാം ഓവറിൽ സഹ ഓപ്പണർ ഡേവിസിനെയും (15) കൂടാരം കയറ്റി. 12-ാം ഓവറിൽ ആവേശ്ഖാൻ ബെൻ ഡക്കറ്റിനെ (3) കീപ്പർ പന്തിനെയേൽപ്പിച്ചു. 15-ാം ഓവറിൽ ചഹറിന്റെ പന്തിൽ ഹെയ്നും (13) ഇന്ത്യ എ നായകന് ക്യാച്ച് നൽകിയതോടെ ലയൺസ് 55/4 എന്ന നിലയിലായി. തുടർന്ന് നായകൻ സാം ബില്ലിംഗ്സ് (24), ഒല്ലീപോപ്പ് (65) മുള്ളേനി (58) എന്നിവർ നടത്തിയ പോരാട്ടമാണ് ഇംഗ്ളണ്ട് ലയൺസിനെ 221-ലെത്തിച്ചത്. സാം-പോവ് സഖ്യം 58 റൺസും, മുള്ളേനി -പോവ് സഖ്യം 63 റൺസും കൂട്ടിച്ചേർത്തു.
മറുപടിക്കിറങ്ങിയ ഇന്ത്യ എയ്ക്ക് ഓപ്പണർ ഋതുരാജ് ഗെയ്ക്ക്‌വാദിനെ (0) രണ്ടാം ഓവറിൽ തന്നെ നഷ്ടമായി. തുടർന്ന് ലോകേഷ് രാഹുലും (42) റിക്കി ഭുയിയും (35) ചേർന്ന് കൂട്ടിച്ചേർത്ത 59 റൺസ് അടിത്തറയായി. ഭുയിക്ക് പകരമെത്തിയ നായകൻ അങ്കിത് ബാവ്‌നെ (12) റൺസുമായി പുറത്തായി. രാഹുൽ ടീം സ്കോർ 102ൽ പുറത്തായി. തുടർന്ന് കളത്തിലൊരുമിച്ച പന്തും ഹൂഡയും ചേർന്ന് വിജയത്തിലെത്തിച്ചു. 120 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. ഋഷഭ് പന്താണ് മാൻ ഒഫ് ദ മാച്ച്.
തേനീച്ചയുണ്ട് സൂക്ഷിക്കുക
സൂപ്പർ താരങ്ങൾ അധികമില്ലാത്തതിനാൽ ഗാലറിയിൽ ആള് കുറവായതിനാലാണ് ഇന്നലെ സ്പോർട്സ് ഹബിൽ വലിയൊരു അത്യാഹിതം ഒഴിവായത്. സ്റ്റേഡിയത്തിന്റെ അപ്പർ ഗാലറിയുടെ അടിയിലുണ്ടാതിരുന്നു ഇരുമ്പ് പൈപ്പുകളിൽ നിരവധി തേനീച്ച കൂടുകൾ ഉണ്ടായിരുന്നിട്ടും വേണ്ട നടപടികൾ സ്വീകരിക്കാതിരുന്ന സ്റ്റേഡിയം അധികൃതരും ആപത്തിന് വഴിയൊരുക്കി.
ഇംഗ്ളണ്ടിന്റെ ബാറ്റിംഗിനിടെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ആരോ തേനീച്ചക്കൂടിന് നേരെ കല്ലെറിഞ്ഞതാണ് കാരണമെന്നാണ് നിഗമനം. കൂട്ടത്തോടെ തേനീച്ചകൾ ഇളകിയപ്പോൾ ഗാലറിയിലുണ്ടായിരുന്നവർ ചിതറിയോടി. കസേരകൾക്കിടയിലൂടെ ഓടി രക്ഷപ്പെടാൻ പ്രയാസമായപ്പോൾ ധരിച്ചിരുന്ന ഷർട്ട് ഊരിയും ചുരിദാസിന്റെ ഷാളുകൊണ്ടുമൊക്കെ തേനീച്ചകളുടെ കുത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. കൂട്ടത്തോടെയുള്ള ആക്രമണത്തിൽ ഒരു കുടുംബത്തിലെ കുട്ടിയടക്കമുള്ളവർക്കാണ് കൂടുതൽ കുത്തേറ്റത്.
തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും പൊലീസും ചേർന്ന് ഇവരെ പുറത്തെത്തിച്ചു. അതിനിടെ പൊലീസിനും സെക്യൂരിറ്റിക്കും ചെറിയ തോതിൽ കുത്തേറ്റു.
ഗാലറിയിലെ പ്രശ്നം കാരണം ഗ്രൗണ്ടിലെ കളിക്കാർക്കിടയിലും അങ്കലാപ്പിലായി. ബൗണ്ടറി ലൈനിനരികിൽ നിന്നിരുന്ന ഇന്ത്യൻ കോച്ച് ദ്രാവിഡ് അടക്കമുള്ളവർ ഡഗ്ഔട്ടിലേക്ക് മാറി. കളിക്കാർ പിച്ചിന്റെ മദ്ധ്യത്തേക്ക് ഒരുമിച്ചു നിന്നു. എന്നാൽ, ഗ്രൗണ്ടിലേക്ക് തേനീച്ചകൾ എത്താത്തത് ഭാഗ്യമായി. 15 മിനിട്ടോളമാണ് കളി വൈകിയത്.
അന്താരാഷ്ട്ര മത്സരമല്ലാത്തതിനാൽ കൂടുതൽ കാണികൾ വരില്ലെന്ന് കരുതിനാണ് തേനീച്ചക്കൂടുകൾ സ്റ്റേഡിയം അധികൃതർ നീക്കാതിരുന്നത്.