തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം പതിക്കാനുള്ള കരാർ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടു നൽകാൻ മാനേജ്മെന്റ് തീരുമാനം. ഇടനിലക്കാർ ഇല്ലാതാകുന്നതോടെ നിലവിലെ പരസ്യനിരക്ക് കുറയുന്നതു കാരണം കൂടുതൽ പരസ്യങ്ങൾ ലഭിക്കുമെന്നും ഇത് കോർപറേഷനു നേട്ടമാകുമെന്നും മാനേജിംഗ് ഡയറക്‌ടർ ടോമിൻ തച്ചങ്കരി പറഞ്ഞു.
പരസ്യം നൽകിയാൽ കെ.എസ്.ആർ.ടി.സി തന്നെ ഫ്‌ളെക്‌സ് പ്രിന്റ് എടുത്ത് ബസിൽ ഒട്ടിക്കും. പരസ്യതുകയ്ക്കു പുറമേ അച്ചടിക്കൂലി കൂടി നൽകണമെന്നു മാത്രം. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് വെവ്വേറെ നിരക്കുകളാണ് ഇൗടാക്കുക.
6000 ബസുകളാണ് കോർപറേഷനുള്ളത്. ഒരു ബസിൽ 120 ചതുരശ്ര അടി വലുപ്പത്തിൽ പരസ്യം പതിക്കാനാകും. ഇങ്ങനെ പ്രതിമാസം ഒന്നരക്കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് നിഗമനം. പരസ്യം പതിക്കുന്നതിനുള്ള കരാർ ഇതുവരെ സ്വകാര്യ ഏജൻസികൾക്കായിരുന്നു. കഴിഞ്ഞ വർഷം ഈയിനത്തിൽ കിട്ടിയത് എട്ടുകോടി രൂപ. ടെണ്ടർ വ്യവസ്ഥകൾ കർശനമാക്കിയപ്പോൾ തുക 21 കോടിയായി ഉയർന്നു. നേരിട്ട് പരസ്യമെടുത്താൽ പരസ്യദാതാക്കൾക്ക് കൂടുതൽ ആകർഷകമായ നിരക്ക് അനുവദിക്കാൻ കഴിയുമെന്നും, കൂടുതൽ പേർക്ക് സൗകര്യം പ്രയോജനപ്പെടുത്താമെന്നും തച്ചങ്കരി പറഞ്ഞു.
സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ പരസ്യം കെ.എസ്.ആര്.ടി.സിക്കു കൂടി നൽകണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയിട്ടുണ്ട്. ഒരുമാസത്തേക്ക് ഓർഡിനറി ബസിന് 2710 രൂപയും ഫാസ്റ്റിന് 3600 രൂപയും 18 ശതമാനമാണ് നിരക്ക്. ജി.എസ്.ടി നിരക്ക് പുറമേ. അച്ചടിക്കുന്നതിന് ചതുരശ്ര അടിക്ക് 32 രൂപയാണ് നിരക്ക്.