kk-shailaja

തിരുവനന്തപുരം:കേരളത്തിന്റെ ആരോഗ്യമേഖലയേയും സാമൂഹ്യനീതിമേഖലയേയും കുറിച്ച് തെറ്റായ പരാമർശങ്ങൾ നടത്തി രാഹുൽ ഗാന്ധി കേരളത്തെ അപമാനിച്ചതായി മന്ത്രി കെ.കെ. ശൈലജ പ്രസ്താവനയിലൂടെ അറിയിച്ചു. ശിശുമരണനിരക്കും മാതൃമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ്‌ കേരളം. ലോകോത്തര നിലവാരമുള്ള ആശുപത്രികളും ചികിത്സാ സംവിധാനങ്ങളുമാണ്‌ കേരളത്തിലുള്ളത്. മികച്ച സൗകര്യങ്ങളും കുറഞ്ഞ ചികിത്സാ ചെലവും കാരണം ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആൾക്കാർ ചികിത്സക്കായി എത്തുന്നതും കേരളത്തിലാണ്.

അടുത്തിടെയുണ്ടായ ഓഖി, നിപ, പ്രളയം എന്നീ ദുരന്തങ്ങളിൽ നിന്നും കരകയറാനായി ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ സർവ്വരും അഭിനന്ദിച്ചതാണ്.

സാമൂഹ്യസുരക്ഷ മികച്ച രീതിയിൽ നടപ്പിലാക്കുന്ന സംസ്ഥാനമാണ്‌കേരളം. മികച്ച വയോജനക്ഷേമം നടപ്പിലാക്കിയതിന് കഴിഞ്ഞവർഷവും മികച്ച ഭിന്നശേഷി നയം നടപ്പിലാക്കിയതിന് ഈ വർഷവും കേരളത്തിന്‌ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനത്തിനായി ആവിഷ്‌ക്കരിച്ച അനുയാത്ര പദ്ധതി മികച്ച രീതിയിലാണ് നടത്തിവരുന്നത്. ട്രാൻസ്‌ജെൻഡർ നയം നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ്‌കേരളം. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി വനിത ശിശുവികസന വകുപ്പ് നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇതെല്ലാം കേരളത്തിലെ എല്ലാവർക്കുമറിയാം. ഈ ഒരു അവസ്ഥയിലാണ്‌ കേരളത്തിന്റെ ആരോഗ്യമേഖലയേയും സാമൂഹ്യനീതിമേഖലയേയും പറ്റി രാഹുൽ ഗാന്ധി തെറ്റായ പരാമർശം നടത്തിയത്.

മുമ്പൊരുദേശീയനേതാവ്‌കേരളത്തെസോമാലിയയോട് ഉപമിച്ചത്‌പോലെയാണ് രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവന. അതിനാൽ തന്നെ അത്തരം പ്രസ്താവനകളോട്‌കേരള ജനത കാട്ടാറുള്ള അതേ അവജ്ഞയോടെ ഇതും തള്ളിക്കളയുന്നതാണെന്നും മന്ത്രി പറഞ്ഞു.