മൗണ്ട് മൗംഗാനൂയി : ന്യൂസിലൻഡിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന് പിന്നാലെ ഇന്ത്യൻ വനിതകളുടെയും വിജയത്തേരോട്ടം. ഐ.സി.സി വനിതാ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്നലെ ഇന്ത്യ എട്ട് വിക്കറ്റിനാണ് കിവി വനിതകളെ പറപ്പിച്ചത്. പുരുഷന്മാർ ആദ്യ മൂന്ന് ഏകദിനങ്ങളും തുടർച്ചയായി വിജയിച്ചിരുന്നു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.
ഇന്നലെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ മിഥാലി രാജ് ന്യൂസിലൻഡിനെ ബാറ്റിംഗിനിറക്കുകയായിരുന്നു. ആതിഥേയർ 44.2 ഓവറിൽ 161 റൺസിന് ആൾ ഔട്ടായപ്പോൾ ഇന്ത്യ 88 പന്തുകൾ ശേഷിക്കേ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 15 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും 151 റൺസിന്റെ അപരാജിത കൂട്ടുകെട്ടുമായി സ്മൃതി മന്ദാനയും (90 നോട്ടൗട്ട്), മിഥാലി രാജും (63 നോട്ടൗട്ട്) ചേർന്ന് 35-2 ഓവറിൽ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.
മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ വെറ്ററൻ പേസർ ജുലാൻ ഗോസ്വാമി, രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ ഏക്തബിഷ്ത്, ദീപ്തി ശർമ്മ, പൂനം യാദവ് എന്നിവർ ചേർന്നാണ് കിവി പെൺപടയെ എറിഞ്ഞിട്ടത്. ഒരു ഘട്ടത്തിൽ 62/5 എന്ന നിലയിൽ പതറിയ കിവീസിനെ 71 റൺസുമായി ഒറ്റയ്ക്ക് പൊരുതിയ നായിക സാറ്റേത്ത് വെയ്റ്റാണ് 161ലെത്തിച്ചത്. ഓപ്പണറും സൂപ്പർ താരവുമായ സൂസി ബേറ്റ്സിനെ ആദ്യ ഓവറിൽ തന്നെ പുറത്താക്കി ജുലാൻ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് ഡെവിനെ (7)യെ ശിഖ പാണ്ഡെ പുറത്താക്കി. ലോറൻഡൗൺ (15), കെർ (1) എന്നിവർ ബിഷ്തിന് കീഴടങ്ങി. സാറ്റെർവെയ്റ്റിനെയും ഗ്രീനിനെയും പൂനം യാദവ് മടക്കി അയച്ചപ്പോൾ തേജുലാനും ദീപ്തിയും ചേർന്ന് വാലറ്റത്തെ ചുരുട്ടികൂട്ടി.
ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ ജെറമിയ റോഡ്രിഗസിനെയും (0), അഞ്ചാം ഓവറിൽ ദീപ്തി ശർമ്മയെ (8)യും നഷ്ടമായി. എന്നാൽ, സ്മൃതിയുടെയും മിഥാലിയുടെയും പോരാട്ടം ചെറുക്കാൻ കിവികൾക്ക് കഴിഞ്ഞില്ല.
83 പന്തുകൾ നേരിട്ട സ്മൃതി 13 ഫോറുകളും ഒരു സിക്സും പറത്തി. 111 പന്തുകൾ നേരിട്ട മിഥാലി നാല് ഫോറും രണ്ട് സിക്സുമടിച്ചു.
പരമ്പരയിലെ അവസാന ഏകദിനം വെള്ളിയാഴ്ച ഹാമിൽട്ടണിൽ നടക്കും.