palapur

നേമം: കല്ലിയൂർ പഞ്ചായത്തിന് കീഴിലെ ശാന്തിവിള, പാലപ്പൂർ, പുഞ്ചക്കരി മേഖലകളിൽ 3.66 കോടി രൂപയുടെ പദ്ധതികൾ തകൃതിയായി നടന്നുവരികയാണ്. ഇതിൽ രണ്ട് പദ്ധതിക്കുള്ള ഫണ്ട് സുരേഷ്ഗോപി എം.പിയുടെയും ഒന്ന് പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജനയുടേതുമാണ്. ഇതിന്റെ ഭാഗമായി വർഷങ്ങളായി ശോചനീയാവസ്ഥയിൽ തുടരുന്ന ശാന്തിവിള മാർക്കറ്റിനെ ഹൈടെക് ഗണത്തിൽ ഉയർത്തുന്നതിനായി പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചു. 2700 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ കർഷകർക്കായി പരിശീലനകേന്ദ്രം കോൾഡ് സ്റ്റോറേജ്, ഇൻക്യുബിലേഷൻ സെന്റർ തുടങ്ങിയ സൗകര്യങ്ങളോടെയാണ് കെട്ടിടനിർമ്മാണം. സുരേഷ്ഗോപി എം.പി ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയാണ് നിർമ്മാണത്തിനുവേണ്ടി അനുവദിച്ചത്. 68 ലക്ഷം രൂപ മരാമത്ത് പണികൾക്കും 7 ലക്ഷം രൂപ വൈദ്യുതീകരണത്തിനും ഉപയോഗിക്കും. ഭാവിയിൽ രണ്ട് നിലകൂടി പണിയാനുള്ള ബലത്തിലാണ് കെട്ടടിത്തിന്റെ അടിത്തറ പാകിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗമാണ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത്. 6 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് കരാർ. നിർമ്മാണം പൂർത്തിയാവുന്നതോടെ ബാലരാമപുരത്തിനും ചാല മാർക്കറ്റിനുമിടയിലെ പ്രധാന മാർക്കറ്റായി ശാന്തിവിളയെ ഉയർത്താൻ സാധിക്കുമെന്ന് കല്ലിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാർ പറഞ്ഞു.

വെള്ളായണി പുഞ്ചക്കരി മുതൽ ശിവോദയം റോഡ് വരെയുള്ള 1200 മീറ്റർ നിർമ്മാണം കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ചു. സുരേഷ് ഗോപി എം.പിയുടെ ഫണ്ടിൽ നിന്നു 1 കോടി 61 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവാക്കുന്നത്. ചെറുകിട ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കന്നുകാലി ചാലിൽ സംരക്ഷണഭിത്തി നിർമ്മിച്ച ശേഷമാണ് റോഡ് നിർമ്മാണം ആരംഭിക്കുന്നതെന്ന് വകുപ്പ് അസി.എൻജിനിയർ സുരേഷ് പറഞ്ഞു. റോഡ് നിർമ്മാണം പൂർത്തിയാവുന്നതോടെ കർഷകർക്ക് ഗതാഗത സൗകര്യം വർദ്ധിക്കുന്നത് കൂടാതെ തിരുവല്ലത്തു നിന്നും വെള്ളായണി ക്ഷേത്രം വരെയുള്ള ദൂരം 5 കി.മീറ്ററോളം ലാഭിക്കാനും സാധിക്കും.

വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ തുടരുന്ന വണ്ടിത്തടം- പാലപ്പൂർ റോഡിന്റെ നിർമ്മാണം പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ നടന്നുവരുന്നു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ നിന്നു 1 കോടി 31 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 1890 കി.മീറ്റർ ദൂരമുള്ള റോഡിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. വെള്ളായണി പാടശേഖരങ്ങളും കാർഷിക കോളേജുമായി ബന്ധപ്പെടുത്തുന്ന പ്രധാന റോഡാണ് പാലപ്പൂർ റോഡ്.