pumb

പാലാ: രേഖകളിൽ കൃത്രിമം കാട്ടി പെട്രോൾ പമ്പിൽ നിന്ന് അമ്പതുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മാനേജർ അറസ്റ്റിൽ. പാലാ നഗരത്തിലെ ഇല്ലത്ത് ഫ്യുവൽസ് മാനേജർ പാലാ പുലിയന്നൂർ കാരിക്കോട് ഇല്ലം ബിജുകുമാർ വർമ്മ (50) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ‌് ചെയ്തു.

ഒരു വർഷം മുമ്പ് പമ്പിന്റെ കളക്ഷൻ തുക ബാങ്കിൽ അടച്ചതായി കൃത്രിമ രേഖയുണ്ടാക്കി പലപ്പോഴായി 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംഭവം മാനേജ്മെന്റ് അറിഞ്ഞതോടെ ഇയാൾ മാപ്പ് പറയുകയും പണം തിരികെ നൽകാമെന്ന് അറിയിക്കുകയും ചെയ്തിരുന്നുവെങ്കിലും പിന്നീട് പണം നൽകാതെ കോടതി വഴി മുൻകൂർ ജാമ്യത്തിനും ശ്രമിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

ഒളിവിലായിരുന്ന ഇയാളെ നെടുംകുന്നം ഭാഗത്തുനിന്ന് പാലാ സി.ഐ രാജൻ കെ. അരമന, എ.എസ്.ഐ അനിൽ കുമാർ, സിനോയി തോമസ്, സുനിൽ കുമാർ, ഷെറിൻ, രാജേഷ്, കറുകച്ചാൽ സി.പി.ഒ രഞ്ജിത്ത് എന്നിവരുടെ സ്‌ക്വാഡാണ് പിടികൂടിയത്.
ബിജുകുമാർ ജോലിക്ക് കയറി മാസങ്ങൾക്കകം ഒന്നര ലക്ഷത്തോളം രൂപാ തട്ടിയെടുത്തത് ഉടമ കണ്ടെത്തിയിരുന്നു. അന്ന് പണം തിരികെ നൽകി മാപ്പപേക്ഷിച്ചാണ് ജോലിയിൽ തിരികെ കയറിയത്. ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനുമാണ് പണം തട്ടിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.