കൊല്ലം: കടപ്പാക്കടയ്‌ക്ക് സമീപം വാടക വീട്ടിൽ അനാശാസ്യത്തിലേർപ്പെട്ടിരുന്ന മൂന്നുപേർ പൊലീസ് പിടിയിലായി. പൂയപ്പള്ളി സ്വദേശിയായ വർക്ക് ഷോപ്പ് ഉടമയും രണ്ട് സ്‌ത്രീകളുമാണ് പിടിയിലായത്. കണ്ണനല്ലൂർ, കാട്ടാക്കട അമ്പൂരി സ്വദേശികളാണ് സ്‌ത്രീകൾ. വീട് വാടകയ്‌ക്കെടുത്ത് പെൺവാണിഭ കേന്ദ്രമാക്കിയ പള്ളിത്തോട്ടം സ്വദേശി സ്‌റ്റെല്ലയാണ് മുഖ്യപ്രതി.
കൊല്ലം ഈസ്‌റ്ര് പൊലീസ് ഇന്നലെ വൈകിട്ട് പരിശോധനയ്‌ക്കെത്തിയപ്പോൾ സ്‌റ്റെല്ല ഇവിടെ ഇല്ലായിരുന്നു. ഇവർ ഒളിവിലാണ്. പ്രായമായ സ്‌ത്രീയുടെ ഉടമസ്ഥതയിലുള്ള വീടാണ് സ്‌റ്റെല്ല വാടകയ്‌ക്കെടുത്തത്. അനാശാസ്യമാണ് നടക്കുന്നതെന്ന് വീട്ടുടമയ്ക്ക് അറിവില്ലായിരുന്നു. അയൽക്കാർക്ക് സംശയം തോന്നാതിരിക്കാൻ ഇടയ്‌ക്കിടെ സ്‌റ്റെല്ല ബന്ധുവായ ഒരു സ്‌ത്രീയെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിക്കാറുണ്ട്. ഇവർക്ക് മനോദൗർബല്യമുണ്ട്.
എന്നാൽ അസമയങ്ങളിൽ അപരിചിതർ വന്നുപോകുന്നതിൽ സംശയം തോന്നിയ പരിസരവാസികൾ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് വീട് പൊലീസ് നിരീക്ഷണത്തിലായി. ഇന്നലെ കൊല്ലം ഈസ്‌റ്ര് സി.ഐ എസ്.മഞ്ചുലാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
സ്‌റ്രെല്ലയ്‌ക്ക് നേരത്തെയും ഇത്തരം ഇടപാടുകൾ ഉണ്ടായിരുന്നതായി സംശയിക്കുന്നു. പള്ളിത്തോട്ടത്തെ ഇവരുടെ വീട് ഇന്നലെ രാത്രി പരിശോധിക്കാൻ ശ്രമിച്ചെങ്കിലും ആൾതാമസമില്ലാത്തതിനാൽ കഴിഞ്ഞില്ല. അറസ്‌റ്റിലായ മൂന്നുപേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പരിശോധനയ്‌ക്ക് പൊലീസ് എത്തിയപ്പോൾ മൂന്ന് പുരുഷന്മാർ ഓടി പോയതായും വിവരമുണ്ട്.