കോട്ടയം: കുമളി വാളാടി മേപ്രട്ടിലെ കുറ്റിക്കാട്ടിൽ ഓട്ടോഡ്രൈവർ അമരാവതി കിഴക്കുമേട്ടിൽ സെന്തിൽകുമാറിന്റെ (32) മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയ സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്ന വാളർഡി മേപ്പരട്ട് ആറുമുഖം വീട്ടിൽ ശരവണൻ (25) അറസ്റ്റിൽ. സെന്തിൽ കുമാറിനെ കൊലപ്പെടുത്തിയത് ഇരുമ്പുകമ്പികൊണ്ട് തലയ്ക്കടിച്ചാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, കൊലപാതകവുമായി ശരവണന് പങ്കില്ലെന്ന് പൊലീസ് പറഞ്ഞു.
സംഭവ സ്ഥലത്ത് നിന്ന് ഓട്ടോറിക്ഷാ മാറ്റിയിടാൻ സഹായിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ബന്ധുവായ വാളാർഡി മേപ്പരട്ട് ഗുരുസ്വാമിയാണ് (65) കൊലനടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ സംഭവത്തെത്തുടർന്ന് ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു.
സാമ്പത്തിക ഇടപാടാണ് സെന്തിലിന്റെ കൊലയ്ക്ക് കാരണമായത്.
വീട്ടിൽ നിന്ന് ഇറങ്ങി മൂന്ന് ദിവസമായിട്ടും സെന്തിൽ തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചലിലാണ് ബന്ധുവീടിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരമാണ് ദുരൂഹ സാഹചര്യത്തിൽ സെന്തിൽ കുമാറിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. തുടർന്ന് കൊലയാളിയെന്ന് സംശയിക്കുന്ന ബന്ധു ഗുരുസ്വാമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഗുരുസ്വാമിക്ക് നൽകിയിരുന്ന ഒന്നര ലക്ഷം രൂപ തിരികെ വാങ്ങുന്നതിനായാണ് സെന്തിൽ പോയതെന്ന് വീട്ടുകാർ പൊലീസിൽ മൊഴി നല്കിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ സെന്തിലിന്റെ ആട്ടോറിക്ഷ അട്ടപ്പള്ളത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
പുല്ല് ചെത്താനെത്തിയ അയൽവാസിയാണ് രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതശരീരം ആദ്യം കണ്ടത്. കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹൻ, കുമളി സി.ഐ വി.കെ. പ്രകാശ്, കുമളി എസ്.ഐ പ്രശാന്ത്. പി. നായർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഫോറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ദ്ധർ നടത്തിയ പരിശോധനയിൽ ഗുരുസ്വാമിയുടെ വീട്ടിൽ നിന്ന് രക്തക്കറ കണ്ടെത്തി. വീട്ടിൽ നിന്ന് മൃതദേഹം വലിച്ചിഴച്ച പാടുകളും കണ്ടെത്തിയിരുന്നു. സെന്തിലിന്റെ മൃതദേഹം നഗ്‌നമായിരുന്നു. ഇതിൽ നിന്ന് കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. പണം തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കരുതുന്നു.