ഇന്ന് സംസ്ഥാന നിയമസഭയിൽ ധനമന്ത്രി ഡോ. തോമസ് ഐസക്ക് 2019ലെ ബഡ്ജറ്റ് അവതരിപ്പിക്കുക
യാണ്. 2019 - 20 സാമ്പത്തിക വർഷത്തെക്കുള്ള ഈ ബഡ്ജറ്റിന് മുൻവർഷങ്ങളിലേക്കാൾ കൂടുതൽ പ്രാധാന്യം കല്പിക്കപ്പെട്ടതിന് പല കാരണങ്ങളും ഉണ്ട്. വൻ പ്രളയ ദുരന്തം സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ ഏല്പിച്ച വൻ പ്രഹരമാണ് ഇതിൽ പ്രാമാണ്യം കല്പിക്കപ്പെടുന്ന ഘടകം. പ്രളയത്തിൽ ഭവനം നഷ്ടപ്പെട്ടവരുടെയും ഉപജീവനമാർഗം ഇല്ലാതായവരുടെയും പുനരധിവാസത്തിന് സർക്കാർ ഇതിനകം തന്നെ കർമ്മപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് എങ്കിലും സമയബന്ധിതമായി അടുത്ത ഒരു കൊല്ലം എന്തൊക്കെയാണ് ഇക്കാര്യങ്ങളിൽ ചെയ്യുന്നത് എന്നതാണ് എല്ലാവർക്കും അറിയേണ്ടത്. ഇതിനായി ധനസമാഹരണം ഏതു വിധത്തിലാണ് എന്നും സമൂഹം ഉത്കണ്ഠയോടെ നോക്കുകയാണ്.
കേരളത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ ധനം സമാഹരിക്കുന്നതിന് ക്രൗഡ് ഫണ്ടിംഗ് (Crowd Funding), പ്രത്യേക ലോട്ടറി, പ്രവാസി ചിട്ടി തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ചുവെങ്കിലും, അവ നിർദ്ദിഷ്ട ഫലം ഉളവാക്കിയില്ല എന്ന തോന്നലാണ് പൊതുസമൂഹത്തിൽ ഉണ്ടായിട്ടുള്ളത്. ധനമന്ത്രി ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ ആണ് ഇതിന്റെ നിജസ്ഥിതി അറിയാനാവുക.
ഒരു സാമ്പത്തിക വർഷത്തിന്റെ മദ്ധ്യഘട്ടത്തിൽ തന്നെ തൊട്ടടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് തയ്യാറാക്കാനുള്ള നിർദ്ദേശങ്ങൾ ഓരോ വകുപ്പിലും ഉരുത്തിരിയും. അനാവശ്യ ചെലവുകൾ ഒഴിവാക്കിയും, കാലഹരണപ്പെട്ട പദ്ധതികളും സംരംഭങ്ങളും നിറുത്തലാക്കിയും, സർവ പ്രധാനമായ നൂതന പദ്ധതികൾ രൂപപ്പെടുത്തിയുമാണ് ഓരോ വകുപ്പിൽ നിന്നും നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെടുക. ഒപ്പം പുതിയ വരുമാന മാർഗങ്ങളും, നിലവിലുള്ളവയുടെ മാറ്റങ്ങളും നിർദ്ദേശിക്കപ്പെടും. ഈ നിർദ്ദേശങ്ങൾ രണ്ടാം ഘട്ടത്തിൽ, ചർച്ചകളിലൂടെയും, വിശകലനങ്ങളിലൂടെയും, പഠനങ്ങളിലൂടെയും ക്രോഡീകരിച്ചാണ് ബഡ്ജറ്റിന് അന്തിമരൂപം നൽകുന്നത്. ദീർഘവീക്ഷണവും കാര്യക്ഷമതയും ഭാവനയും ധനമാനേജ്മെന്റ് വൈദഗ്ദ്ധ്യവും ഉള്ള ഒരു ധനമന്ത്രിക്ക് ഈ ഘട്ടത്തിൽ ക്രിയാത്മകമായി ബഡ്ജറ്റ് നിർദ്ദേശങ്ങൾ രൂപപ്പെടുത്താനാവും. സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഈ വൈശിഷ്ട്യങ്ങളെല്ലാം ഒത്തുചേർന്ന വ്യക്തിയാണ്.
അങ്ങനെയെങ്കിൽ അവസാന ഫലം വിലയിരുത്തുമ്പോൾ സംസ്ഥാന ബഡ്ജറ്റ് നിർദ്ദേശങ്ങളും യഥാർത്ഥ ചിത്രവും തമ്മിൽ വൻ അന്തരം ഉണ്ടാകുന്നത് എന്തുകൊണ്ട്? ഇതിന് നിരവധി കാരണങ്ങൾ ഉണ്ട്. കാലഹരണപ്പെട്ട നിയമവ്യവസ്ഥകളും ചട്ടങ്ങളും ആണ് ഇതിൽ പ്രധാന വില്ലൻ. ഇതിന് പുറമേ, ഉദ്യോഗസ്ഥതലത്തിലെ ഉദാസീനതയും ഭാവനാശൂന്യതയും, നിർവികാരതയും ബഡ്ജറ്റ് നിർദ്ദേശങ്ങൾ ആവിഷ്കരിക്കുന്നതിലും, നടപ്പിലാക്കുന്നതിലും പ്രതിഫലിക്കാറുണ്ട്. ഏറെ കൊട്ടിഘോഷിക്കുകയും വിമർശന വിധേയമാകുകയും ചെയ്ത കിഫ്‌ബി, ഡാമുകളിലെ മണൽ തുടങ്ങിയവയിലെ ഫലപ്രാപ്തിക്കുറവ് ഇതിന് ഉപോൽബലകമാണ്. ഇതിനു പുറമേ, നടപ്പ് സാമ്പത്തിക വർഷത്തിൽ കഴിഞ്ഞ പത്തു മാസങ്ങൾക്കുള്ളിൽ ഓരോ വകുപ്പിനും അനുവദിച്ച പ്ലാൻ ഫണ്ടിൽ നിന്നും 50 ശതമാനത്തിന് താഴെ മാത്രം ധനവിനിയോഗമേ നടന്നിട്ടുള്ളൂവെന്നത് ഇതിനോടൊപ്പം കൂട്ടിവായിക്കുക. അടുത്ത രണ്ട് മാസത്തിനുള്ളിൽ അനുവദിച്ച തുകയിൽ നിന്നും 20 ശതമാനം കുറവു ചെയ്ത് നടപ്പിലാക്കാനുള്ള മുൻഗണനാക്രമം പദ്ധതികൾക്ക് നിർദ്ദേശിക്കണമെന്നതും പത്തിലേറെ വകുപ്പുകൾ അവഗണിച്ചിരിക്കുന്നുവെന്നാണ് അറിയുന്നത്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ഇക്കൂട്ടത്തിൽപ്പെടുമത്രേ..
ഉയരുന്ന പൊതുകടവും, ധനകമ്മിയും, താഴേക്ക് പോകുന്ന ഉല്പാദനക്കണക്കുകളും, സമ്പദ് വ്യവസ്ഥയിൽ ഉയർത്തുന്ന ഭീഷണി വളരെ വലുതാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാനം പ്രതിവർഷം 30 ശതമാനം എന്ന തോതിൽ ഉയരുമെന്നാണ് ചരക്ക് സേവന നികുതി നിയമം നടപ്പിൽ വന്നപ്പോൾ പറഞ്ഞുകേട്ടത്. നിത്യോപയോഗ സാധനങ്ങളിൽ 80 ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്നവയാണ് എന്നതും അതുവഴി കേരളം ഉപഭോക്തൃസംസ്ഥാനം ആണ് എന്നതും ഇതിന് നിദാനമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ, ഈ പ്രതീക്ഷ അസ്ഥാനത്തായി. അതേസമയം, ഉപഭോക്തൃ സംസ്ഥാനങ്ങളായി പരിഗണിക്കപ്പെട്ട തമിഴ്നാട്, തെലുങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയവയിൽ ചരക്ക് സേവന നികുതി അനുകൂലഫലം നൽകുകയും ചെയ്തു.
കേരള സമ്പദ് വ്യവസ്ഥയെ താങ്ങിനിറുത്തുന്നത് വിദേശനാണ്യം ആണെന്നതിൽ തർക്കമില്ല.
ഇക്കാര്യത്തിലും നമുക്ക് ചില പ്രതിസന്ധികൾ ഉയർന്നിരിക്കുന്നു. വിദേശ രാജ്യങ്ങളിലും തൊഴിൽ മേഖലയിൽ വന്ന മാന്ദ്യം പ്രവാസികൾ അയയ്ക്കുന്ന പണത്തെ ആശ്രയിച്ചുകഴിയുന്ന കേരള സമൂഹത്തിന് പ്രതികൂല ഫലം ഉളവാക്കുമോ എന്ന സംശയം ഉണ്ട്. ഇതോടൊപ്പം പ്രളയവും നിപ്പാ ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങളും വിദേശ സഞ്ചാരികൾ കേരളത്തിൽ എത്തുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. അടിക്കടി ഉണ്ടാകുന്ന ഹർത്താലുകളെക്കുറിച്ച് വിദേശ നിക്ഷേപകർക്കുള്ള ഉത്‌കണ്ഠ ഇക്കഴിഞ്ഞ ദിവസം അമേരിക്കയിൽ നടന്ന നിക്ഷേപ സൗഹൃദ സമ്മേളനത്തിൽ ബ്രിട്ടീഷ് പ്രതിനിധി ഉയർത്തിയത് അവഗണിക്കാനാവില്ല. വിദേശ വിനോദ സഞ്ചാരികളിലും നിക്ഷേപകരിലും ഹർത്താലിനെക്കുറിച്ചുണ്ടായിരിക്കുന്ന പ്രതികൂല മനോഭാവം നമുക്ക് മാറ്റിയെടുക്കേണ്ടതുണ്ട്.
ഉന്നത വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹികാഭിവൃദ്ധി എന്നീ മൂന്ന് മേഖലകൾക്ക് ബഡ്ജറ്റിൽ പണം വകയിരുത്തിയതുകൊണ്ട് കാര്യമില്ല. ഈ രംഗങ്ങളിലെ കാര്യക്ഷമതയും ഗുണനിലവാരവും പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതികളും പരിപാടികളും അടിയന്തര പ്രാധാന്യത്തോടെ സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. വരും വർഷത്തിൽ കൃഷി, പരമ്പരാഗത വ്യവസായം, ടൂറിസം ഉത്‌പന്നങ്ങളുടെ നവീകരണം, മത്സ്യബന്ധന വ്യവസായം, ഉത്‌പാദനരംഗം, ഊർജ്ജ മേഖല തുടങ്ങിയവയിലെ കാലാനുസാരിയായ പരിഷ്കാരം എന്തൊക്കെ എന്ന് അറിയുവാനും ബഡ്ജറ്റിനെ ആശ്രയിക്കേണ്ടതുണ്ട്.
ചുരുക്കത്തിൽ, ധന മാനേജ്‌മെന്റ് വിദഗ്ദ്ധനായ ധനമന്ത്രിയിൽ നിന്ന് പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന കേരള സംസ്ഥാനത്തെ പുനർജീവിപ്പിക്കാനുള്ള കാതലായ കർമ്മപരിപാടികളും നിർദ്ദേശങ്ങളും ആണ് പ്രതീക്ഷയോടെ പൊതുസമൂഹം കാത്തിരിക്കുന്നത്.