photo

നെടുമങ്ങാട്: അരുവിക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംയോജിതകൃഷി പദ്ധതികൾക്ക് തുടക്കമായി. ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ. രാജ്മോഹന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ ഉദ്‌ഘാടനം ചെയ്തു. ജൈവ പച്ചക്കറി തോട്ടങ്ങളുടെ നിർമ്മാണം, ആടുഗ്രാമം പദ്ധതി, മുട്ടക്കോഴി വളർത്തൽ, വീട്ടുവളപ്പിൽ മത്സ്യകൃഷി, തേനീച്ച വളർത്തൽ എന്നീ പദ്ധതികളാണ് ബാങ്ക് ഏറ്റെടുക്കുന്നത്. കൃഷി ഭൂമി, വിത്ത്, വളം, പണിയായുധങ്ങൾ, കീടനാശിനികൾ, ധനസഹായം, പരിശീലനം എന്നിവ ബാങ്ക് ലഭ്യമാക്കും. എസ്.എച്ച്.ജി, ജെ.എൽ.ജി തുടങ്ങിയ സന്നദ്ധ ഗ്രൂപ്പുകൾക്കും തത്പരരായ കർഷകർക്കും സേവനം ഉറപ്പാക്കും. തരിശുഭൂമി കണ്ടെത്തി കർഷകർക്ക് നൽകും. കരനെൽ കൃഷിക്കും പാടശേഖര കൃഷിക്കും പലിശരഹിത വായ്പയും അനുവദിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് വിശദീകരിച്ചു. ബാങ്കിന്റെ ഹെഡോഫീസ് പരിസരത്ത് നടന്ന ഉദ്‌ഘാടന ചടങ്ങിൽ ഭരണസമിതിയംഗം വി. വിജയൻ നായർ സ്വാഗതം പറഞ്ഞു. കരകൗശല കോർപ്പറേഷൻ ചെയർമാൻ കെ.എസ്. സുനിൽകുമാർ മത്സ്യക്കുഞ്ഞുങ്ങളെ കൈമാറി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു ഹൈബ്രിഡ് ആട്ടിൻകുട്ടികളും അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി മുട്ടക്കോഴികളും കൂടും വിതരണം ചെയ്തു. ആഗ്രോ പ്രൊഡക്ഷൻ കമ്പനി ഡയറക്ടർ ആർ. വിജയകുമാരൻ നായർ, കൃഷി അസിസ്റ്റന്റ് മധുബാല, ഡോ. ബാലേന്ദ്രനാഥ്‌, ബാങ്ക് ഡയറക്ടർ എസ്. സുരേന്ദ്രൻ നാടാർ, മാനേജിംഗ് ഡയറക്ടർ എം.ജെ. അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.