kanyakumari-thirupathi-te

കുഴിത്തുറ: കുംഭാഭിഷേകം കഴിഞ്ഞ കന്യാകുമാരിയിലെ വെങ്കിടാചലപതി ക്ഷേത്രം ഭക്തജനത്തിരക്കിലമർന്നു. ഭക്തരുടെ സൗകര്യത്തിനായി ടോയ്‌‌ലെറ്റുകൾ, കുടിവെള്ള പൈപ്പുകൾ, റോഡ് എന്നിവയുടെ പണികൾ പൂർത്തീകരിച്ചു. പൂജകൾക്കായി എട്ട് പൂജാരിമാരെ തിരുപ്പതിയിൽ നിന്ന് ഇവിടേക്ക് നിയമിച്ചിട്ടുണ്ട്. കൂടാതെ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ചെന്നൈയിലെ തിരുപ്പതി ദേവസ്ഥാന ഓഫീസിൽ അസിസ്റ്റന്റ് ഓഫീസറായി ജോലി നോക്കിയിരുന്ന രവി എന്ന ഉദ്യോഗസ്ഥനെയും നിയമിച്ചതായി ദേവസ്ഥാനം ഓഫീസ് അറിയിച്ചു. ഏഴ് അടി ഉയരമുള്ള വെങ്കിടാചലപതി വിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പത്മാദേവി ആണ്ടാൾദേവി ശിലകൾക്കും മൂന്നര അടി നീളമുണ്ട്‌. മൂന്നടി ഉയരമുള്ളതാണ് ഗരുഡ പ്രതിഷ്ഠ. കൊടിമരത്തിനു 49 അടി ഉയരവുമുണ്ട്. ഇനി ക്ഷേത്ര പൂജാരിമാർക്കുള്ള ക്വാർട്ടേഴ്‌സിന്റെ പണികളും ഏതാനും മിനുക്കുപണികളും മാത്രമാണ് അവശേഷിക്കുന്നത്. ആറു മാസത്തിനുള്ളിൽ അതിന്റെ നിർമ്മാണവും പൂർത്തിയാക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.

 രണ്ടു നിലകളിലായാണ് ക്ഷേത്രം

 രണ്ടാം നിലയിൽ ദേവ പ്രതിഷ്ഠകൾ മാത്രമാണ്

രണ്ടാം നിലയിലാണ് അന്നദാന മണ്ഡപവും മറ്റുള്ളവയും

ഒരേസമയം 1500 പേർക്ക് അന്നദാന മണ്ഡപത്തിൽ ഇരിക്കാനാകും

 1000 വിവാഹ ദമ്പതികൾക്ക് ദർശനം നടത്താനാകും

ഇതിലേക്കായി ശ്രീനിവാസ കല്യാണ മണ്ഡപവും ധ്യാന മണ്ഡപവും ഒന്നാം നിലയിലുണ്ട്

 ക്ഷേത്ര നിർമ്മാണം

2014 ഡിസംബറിൽ കന്യാകുമാരി വിവേകാനന്ദ പുരത്തിൽ വിവേകാനന്ദ കേന്ദ്ര വളപ്പിൽ സൗജന്യമായി നൽകിയ അഞ്ചര ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്ര നിർമ്മാണത്തിനായി 22.5 കോടി രൂപയാണ്

അനുവദിച്ചിട്ടുള്ളത്. പ്രത്യേക ദിവസങ്ങളിൽ വെങ്കിടാചലപതിയുടെ പാദത്തിൽ സൂര്യകിരണം പതിക്കും വിധമാണ് നിർമാണം. ദ്രാവിഡശില രീതിയിൽ എ.ഡി 300ൽ നിർമ്മിച്ച തിരുപ്പതി ക്ഷേത്രത്തിന്റെ അതേ മാതൃകയിലാണ് കന്യാകുമാരി സമുദ്രതീരത്തും ക്ഷേത്രം നിർമ്മിക്കുന്നത്. തിരുപ്പതിയിലെ അതേ ആചാരങ്ങളും ചിട്ടവട്ടങ്ങളുമാണ് ഇവിടെയും ഉണ്ടാവുക. ബ്രഹ്മോത്സവം തേരോട്ടം ഉൾപ്പെടെയുള്ള ചടങ്ങുകൾ തിരുപ്പതി ക്ഷേത്രത്തിൽ നടക്കുന്ന അതേ മുഹൂർത്തത്തിൽ കന്യാകുമാരി ക്ഷേത്രത്തിലും നടത്തും. തിരുപ്പതിയിൽ തയ്യാറാക്കുന്ന ലഡുവാണ് ഇവിടെയും പ്രസാദമായി വിതരണം ചെയ്യുന്നത്.