ആറ്റിങ്ങൽ: കരനെൽ കൃഷിയിൽ പ്രവാസിയും കുടുംബവും കൊയ്തത് നൂറുമേനി. അവനവഞ്ചേരി കൊച്ചാലും മൂട് അരുൺലക്ഷ്മി വീട്ടിൽ അരുണനും കുടുംബവുമാണ് കരനെൽ കൃഷിയിൽ മികച്ച വിളവ് കൊയ്തത്. തച്ചൂർക്കുന്ന് പരവൂർക്കോണം എൽ.പി.എസിന് സമീപത്തെ ഒരേക്കറോളും പുരയിടത്തിലാണ് കൃഷിയിറക്കിയത്. കൃഷിയ്ക്ക് ഭൂമി ഒരുക്കിയെങ്കിലും യഥാസമയം കൃഷിയിറക്കാനുള്ള വിത്ത് ലഭിക്കാത്തതിനാൽ വൈകിയാണ് കൃഷിയിറക്കിയത്. നെൽ ചെടി നല്ലരീതിയിൽ തഴച്ചു വന്ന സമയത്താണ് കടുത്ത വേനൽ അനുഭവപ്പെട്ടത്. എന്നിട്ടും പിൻമാറാതെ ആവശ്യത്തിന് വെള്ളം എത്തിച്ച് നനച്ചാണ് കൃഷി പരിപാലിച്ചത്. അത് നല്ല വിളവിന് കാരണമായതായി അരുണൻ പറഞ്ഞു. ആറ്റിങ്ങൽ കൃഷിഭവനിൽ നിന്നും ലഭിച്ച 'പ്രത്യാശ' എന്ന വിത്താണ് കൃഷിയ്ക്കായി ഉപയോഗിച്ചത്. 120 ദിവസം കൊണ്ടാണ് ഇത് കൊയ്യാൻ പാകമായത്. നഗരസഭ ചെയർമാൻ എം.പ്രദീപ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് മുൻ ഡയറക്ടർ ആർ. ഹേലി, നഗരസഭാ കൗൺസിലർമാരായ കെ.എസ്. സന്തോഷ്‌കുമാർ, ജി.ആർ. ഗായത്രീദേവി, കൃഷി ഓഫീസർ പുരുഷോത്തമൻ, അരുണൻ, ഭാര്യ ബീന, കുടുംബാംഗങ്ങൾ, നാട്ടുകാർ എന്നിവർ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.