c-dit

തിരുവനന്തപുരം: സർക്കാർ വകുപ്പുകളുടെ സൈബർ സുരക്ഷയുടെ ചുമതലയുള്ള മികവിന്റെ കേന്ദ്രമായി സി-ഡി​റ്റിനെ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സർക്കാരിന്റെ പുതിയ ഐ.ടി നയരേഖയ്ക്കനുസൃതമായി പ്രമുഖ കമ്പനികളുമായി സാങ്കേതികവിദ്യാ സഹകരണത്തിനും പരിശീലനത്തിനും ഉള്ളടക്ക വികസനത്തിനുമുള്ള പദ്ധതികൾ സി-ഡി​റ്റ് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കെ.സി. ജോസഫിന്റെ സബ്മിഷന് മുഖ്യമന്ത്റി മറുപടി നൽകി.

സി-ഡി​റ്റിനെ വിവരസാങ്കേതികവിദ്യാ വകുപ്പിന്റെ ഭരണചുമതലയിലേക്ക് മാ​റ്റുകയും വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഭരണസമിതി പുനഃസംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഐ.ടി, കമ്യൂണിക്കേഷൻ രംഗങ്ങളിൽ സി-ഡി​റ്റിന്റെ സാങ്കേതികശേഷി വർദ്ധിപ്പിക്കാൻ 1,236 ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ ലോകമെമ്പാടുനിന്നും ഓൺലൈനായി ശേഖരിക്കുന്നതിനുള്ള പോർട്ടൽ സി-ഡി​റ്റാണ് വികസിപ്പിച്ചത്.

മുഖ്യമന്ത്റിയുടെയും മന്ത്റിമാരുടെയും വകുപ്പുകളുടെയും സോഷ്യൽ മീഡിയ പ്ലാ​റ്റ്‌ഫോമുകളുടെ പ്രവർത്തനം, മുഖ്യമന്ത്റിയുടെ പരാതി പരിഹാര സെല്ലിന്റെ സോഫ്​‌ട്‌വെയർ വികസനം, പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ 'നാം മുന്നോട്ട്' തുടങ്ങിയവയ്ക്ക് സി-ഡി​റ്റാണ് സാങ്കേതിക സഹായം നൽകി ഏകോപിപ്പിക്കുന്നത്. സി-ഡി​റ്റിനെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.