തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്) എല്ലാ സ്ട്രീമുകളിലും സംവരണം ഏർപ്പെടുത്താനുള്ള സാദ്ധ്യത സർക്കാർ പരിശോധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വിവിധ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തിക മുതൽ മുകളിലോട്ടുള്ള തസ്തികകളിൽനിന്ന് 10 ശതമാനം തസ്തികകൾ ഉൾപ്പെടുത്തിയാണ് കെ.എ.എസ് രൂപീകരിച്ചത്. നിലവിലുള്ള തസ്തികകളിൽ നിന്ന് രൂപീകരിക്കുന്ന സർവീസ് ആയതിനാൽ അവ മൂന്ന് സ്ട്രീമുകളായി തരംതിരിച്ച് രണ്ട് സ്ട്രീമുകൾ ജീവനക്കാർക്കുള്ള തസ്തികമാറ്റ നിയമനത്തിനും ഒരു സ്ട്രീം നേരിട്ടുള്ള നിയമനത്തിനുമായി വ്യവസ്ഥ ചെയ്തു.
തസ്തികമാറ്റ നിയമനങ്ങൾക്ക് സംവരണം ബാധകമാക്കേണ്ടതില്ലെന്നും അപ്രകാരം എല്ലാ വകുപ്പുകളിലും സ്‌പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യണമെന്നുമുള്ള 2003ലെ സർക്കുലർ നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരിൽ നിന്നുള്ള തസ്തികമാറ്റ നിയമനങ്ങൾക്ക് നിലവിൽ സംവരണ തത്വം ബാധകമാക്കാറില്ല. ഇതിനാലാണ് കെ.എ.എസിനും തസ്തികമാറ്റ നിയമനങ്ങൾക്ക് സംവരണം ബാധകമാക്കാതിരുന്നത്. എല്ലാ സ്ട്രീമുകളിലും സംവരണം അനുവദിക്കണമെന്ന പട്ടികജാതിപട്ടിക ഗോത്രവർഗ കമ്മിഷൻ, ന്യൂനപക്ഷ കമ്മിഷൻ ഉത്തരവുകളും ജനപ്രതിനിധികൾ, സംഘടനകൾ തുടങ്ങിയവരുടെ നിവേദനങ്ങളും കണക്കിലെടുത്താണ് പുനഃപരിശോധനയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.