സർവകലാശാലയായി ഉയരാൻ കൊതിച്ച 'നിഷ്' എന്ന മഹൽസ്ഥാപനം ഇന്ന് ഒരു സന്ദിഗ്ദ്ധ ഘട്ടത്തിലാണ്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരുപോലെ ഈ സ്ഥാപനത്തെ പറഞ്ഞു പറ്റിക്കുകയായിരുന്നു. മൂക ബധിര കുട്ടികളുടെ പഠനത്തിനായി 1997ൽ എളിയ നിലയിൽ ആരംഭിച്ച 'നിഷ്' വളരെ വേഗമാണ് ദേശീയ തലത്തിൽത്തന്നെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനത്തിനും പുനരധിവാസത്തിനും ഇതിനകം വിലപ്പെട്ട സംഭാവനകൾ നൽകിയ സ്ഥാപനത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് സംസ്ഥാന - കേന്ദ്ര സർക്കാരുകൾ അത് സർവകലാശാലയായി ഉയർത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ പുരോഗമിച്ചില്ല. വഞ്ചി തിരുനക്കര തന്നെ എന്ന മട്ടിൽ നിഷിന്റെ സർവകലാശാലാമോഹം പൂവണിയാതെ കിടക്കുകയാണ്.
കേരളത്തിന്റെ കാര്യത്തിൽ സാധാരണ സംഭവിക്കാറുള്ള കേന്ദ്രത്തിന്റെ അട്ടിമറി സമീപനം തന്നെയാണ് നിഷിനും വിനയായത്. 2015 - 16 ലെ കേന്ദ്ര ബഡ്ജറ്റിൽ നിഷിനെ ദേശീയ സർവകലാശാലയായി ഉയർത്തുമെന്ന പ്രഖ്യാപനം ഉണ്ടായതാണ്. ഇതിനായി 1700 കോടി രൂപ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. നിഷ് സർവകലാശാലയ്ക്കായി സംസ്ഥാന സർക്കാർ വിതുരയിൽ 50 ഏക്കർ സ്ഥലവും കണ്ടെത്തി. സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരടു ബില്ലും തയ്യാറായി. അതിനിടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. ഭിന്നശേഷിക്കാരുടെ പഠനത്തിനും പുനരധിവാസത്തിനുമായുള്ള സർവകലാശാല കേരളത്തിനു പകരം അസാമിൽ സ്ഥാപിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കേന്ദ്രം എത്താനിടയാക്കിയ സാഹചര്യം എന്തെന്നറിയില്ല. അഞ്ചു വർഷം മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് നിഷിനെ സർവകലാശാലയായി ഉയർത്താൻ തീരുമാനമുണ്ടായത്. അപ്പോഴാണ് കേന്ദ്ര സർവകലാശാലയാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രം മുന്നോട്ടുവന്നത്. സ്വാഭാവികമായും സംസ്ഥാനം പിന്നീട് ആ വഴിക്കു മുന്നോട്ടു പോയതുമില്ല.
കേന്ദ്രം മുൻ വാഗ്ദാനത്തിൽ നിന്നു പിന്മാറിയ നിലയ്ക്ക് നിഷിന്റെ വളർച്ചയും ഭാവിയും ഇനി സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചാണ്. ഇവിടെ അതിന് രണ്ടു സാദ്ധ്യതകളാണുള്ളത്. മുൻ സർക്കാരിന്റെ കാലത്ത് കൈക്കൊണ്ട തീരുമാനം പ്രാവർത്തികമാക്കുക എന്നതാണ് അതിൽ പ്രധാനം. സർവകലാശാലയായി നിഷിനെ മാറ്റാൻ വേണ്ട അടിസ്ഥാന നടപടികളൊക്കെ പൂർത്തിയായിട്ടുള്ളതാണ്. അതിനാവശ്യമായ ബിൽ പാസാക്കിയാൽ മതിയാകും. സംസ്ഥാനത്തിന് അഭിമാനിക്കാൻ കഴിയുന്ന ഒരു മാതൃകാ സർവകലാശാലയായി നിഷിനെ മാറ്റിയെടുക്കാവുന്നതാണ്. സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ സഹായത്തോടെ രണ്ടു പതിറ്റാണ്ടിനു മുൻപ് തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പി.ജി. തലം വരെയുള്ള പഠനത്തിന് അവസരമൊരുക്കുന്നുണ്ട്. പുനരധിവാസം കൂടി മുന്നിൽക്കണ്ടുകൊണ്ടുള്ളതാണ് കോഴ്സുകളിൽ പലതും. നിലവിൽ നിഷിലെ വിവിധ കോഴ്സുകൾ മറ്റു സർവകലാശാലകളിലാണ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. ബിരുദ - ബിരുദാനന്തര കോഴ്സുകൾ കേരള സർവ്വകലാശാലയ്ക്ക് കീഴിലും ആരോഗ്യ സംബന്ധിയായ കോഴ്സുകൾ ആരോഗ്യ സർവ്വകലാശാലയ്ക്കു കീഴിലും പ്രവർത്തിക്കുന്നു. ഭരണപരമായ ബുദ്ധിമുട്ട് ഒഴിവാക്കാനും വൈവിദ്ധ്യമാർന്ന പുതിയ കോഴ്സുകൾ തുടങ്ങുന്നതിനും സാങ്കേതിക തടസ്സങ്ങൾ നേരിടേണ്ടിവരുന്നു. സർവ്വകലാശാലയായി മാറിയാൽ ഇതിന് പരിഹാരമാകും. യു.ജി.സി സഹായം വാങ്ങി മികച്ച നിലയിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനും സർവകലാശാല പദവി നിഷിന് മുതൽക്കൂട്ടാവാവുമെന്നതിൽ സംശയമില്ല. രാജ്യത്ത് ബധിര മൂക കുട്ടികൾക്കായുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ പ്രശംസ പിടിച്ചു പറ്റിയ 'നിഷ്' കൂടുതൽ പ്രൗഢിയോടും ലക്ഷ്യബോധത്തോടും കൂടി വളരേണ്ടത് കേരളത്തിനു മാത്രമല്ല രാജ്യത്തിന് ആകമാനം ആവശ്യമാണ്. പഠന കാര്യങ്ങളിൽ മാത്രമല്ല കേഴ്വി ശക്തിയില്ലാത്ത കുട്ടികൾക്കായി നടത്തുന്ന കോക്ളിയർ ഇംപ്ളാന്റേഷനിലും 'നിഷ്' ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ന്യൂറോ സംബന്ധമായ തകരാറു കാരണമുള്ള പഠന വൈകല്യം, ഓട്ടിസം, കുട്ടികളിലെ വിവിധ സ്വഭാവ വൈകല്യങ്ങൾ തുടങ്ങി പലതിനുമുള്ള കോഴ്സുകൾ നിഷിലുണ്ട്. അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നിരവധി യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ടുള്ള പഠന പരിപാടികളും ഇവിടെ നടക്കാറുണ്ട്.
കേന്ദ്ര സർവകലാശാല എന്ന മോഹം തല്ലിക്കെടുത്തിയെങ്കിലും സംസ്ഥാന സർക്കാർ കനിഞ്ഞാൽ യൂണിവേഴ്സിറ്റിയായി ഉയരാനുള്ള സകലവിധ യോഗ്യതയും നിഷിനുണ്ട്. സർവകലാശാലകളുടെ ധാരാളിത്തത്തിൽ ശ്വാസം മുട്ടുന്ന അവസ്ഥ ഉണ്ടെങ്കിലും നിഷിനെപ്പോലെ നൂറു ശതമാനവും സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ വളർച്ച ഉറപ്പു വരുത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ കടമയാണ്. ഇതിനാവശ്യമായ നടപടികളുടെ രൂപരേഖ ഭരണ സിരാ കേന്ദ്രത്തിൽത്തന്നെ കാണും,. അതു പൊടി തട്ടിയെടുത്ത് ആവശ്യമായ മാറ്റങ്ങളോടെ നടപ്പാക്കിയാൽ മതിയാകും. മറ്റു സർവകലാശാലകളുടെ പിറവിയിൽ ഉണ്ടായതുപോലുള്ള ആക്ഷേപങ്ങൾക്ക് 'നിഷ്' ഇടവരുത്തുകയില്ലെന്നത് യാഥാർത്ഥ്യമാണ്.