തിരുവനന്തപുരം: ഹയർസെക്കൻഡറി മേഖല ഇല്ലാതാക്കാനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന് ഹയർ സെക്കൻഡറി അദ്ധ്യാപക സംഘടനകളുടെ കൂട്ടായ്‌മ ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. ഖാദർ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാതെ രഹസ്യമായി വച്ചിരിക്കുന്നതിനു പിന്നിൽ സ്വാശ്രയ വിദ്യാഭ്യാസ ലോബികളുടെ സമ്മർദ്ദമാണ്. ഹയർ സെക്കൻഡറിയിലേക്ക് കുട്ടികൾ വരുന്നത് തടയാനും പ്ലസ് ടു സ്‌കൂളുകൾ അടച്ചു പൂട്ടാനുമുള്ള നീക്കമാണ് നടക്കുന്നത്. ഹയർ സെക്കൻഡറിയെ തകർക്കുന്നത് സാധാരണക്കാരുടെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നിഷേധിക്കുന്നതിനിടയാക്കും.
ഫെബ്രുവരി 2ന് ക്ലസ്റ്റർ സെന്ററുകളിൽ കരിദിനം ആചരിച്ച് പ്രതിഷേധ പ്രകടനം നടത്താനും ഫെബ്രുവരി 15 മുതൽ 18 വരെ ജില്ലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്താനും തീരുമാനിച്ചു. ഫെബ്രുവരി 23ന് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്നും സെക്രട്ടറിയേറ്റ് നടയിലേക്ക് അദ്ധ്യാപകരുടെ റാലിയും മഹാസംഗമവും നടത്തും.