kerala-assembly

തിരുവനന്തപുരം: കഴി‍‍ഞ്ഞ ആഗസ്റ്റിലെ പ്രളയം വരെ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചമായിരുന്നതായി ബഡ്ജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട്. പ്രളയം സാമ്പത്തികവളർച്ചയെ ബാധിക്കുകയും,​ ദുർബലവിഭാഗങ്ങളുടെ ഉപജീവനം പ്രതിസന്ധിയിലാക്കുകയും ചെയ്തു. 2018 മാർച്ചിൽ അവസാനിച്ച വർഷത്തിൽ 7.18 ശതമാനമാണ് സാമ്പത്തിക വളർച്ച. തൊട്ടുമുമ്പത്തെ വർഷം ഇത് 6.22 ശതമാനമായിരുന്നു. റിപ്പോർട്ട് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ഇന്നലെ നിയമസഭയിൽ വെച്ചു.

നികുതി വരുമാനം കുറയുന്നതു തടയാനുള്ള നടപടികൾ പ്രളയം മൂലം തടസ്സപ്പെട്ടു. പ്രളയാനന്തര പുനർനിർമ്മാണത്തിന് 31,​000 കോടി രൂപ കണ്ടെത്തണം.ജനങ്ങളുടെ ഉപജീവനത്തിനും ദുർബല വിഭാഗങ്ങളുടെ ശാക്തീകരണത്തിനും പണം കണ്ടെത്തേണ്ടിവരും. ഇത് പൊതുവായ വളർച്ചാ ഘടകങ്ങളെ ദുർബലമാക്കി.അതേസമയം,​ സംസ്ഥാനത്ത് നിക്ഷേപത്തിന് അനുകൂലമായ സുതാര്യമായ നടപടികളും ഇ- ഗവേർണൻസിൽ വൻ കുതിച്ചുകയറ്റവും വികസനത്തിന് അനുകൂലഘടകങ്ങളാണെന്ന് അവലോകന റിപ്പോർട്ടിൽ പറയുന്നു.

കാർഷിക മേഖലയിൽ തേങ്ങയുടെ ഉൽപാദനത്തിൽ മാത്രമാണ് ഇടിവു സംഭവിച്ചത്. നെല്ല്,​ റബ്ബർ ഉത്പാദനം കൂടി. 43,​800 ലക്ഷം യൂണിറ്റ് ആയിരുന്ന വൈദ്യുതി ഉത്പാദനം 55,​060 ലക്ഷം യൂണിറ്റായി. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ആകെ ലാഭം 88 കോടിരൂപയിൽ നിന്ന് 303.7 കോടിയായി വർദ്ധിച്ചപ്പോൾ,​ നഷ്ടത്തിലുള്ളവയുടെ ബാധ്യത 207.4 കോടിയിൽ നിന്ന് 196.8 കോടിയായി കുറഞ്ഞു. ബാക് നിക്ഷേപത്തിലെ വളർച്ച 8.5 ശതമാനമാണ്. അതേ സമയം,​ പ്രവാസികളുടെ എണ്ണം ഒരുവർഷം കൊണ്ട് 36.5 ലക്ഷത്തിൽ നിന്ന് 34.17 ലക്ഷമായി കുറഞ്ഞതായാണ് കണക്ക്. എന്നാൽ,​ ഇവരുടെ ബാങ്ക് നിക്ഷേപം നേരിയ തോതിൽ വർദ്ധിച്ച് 1,​5​2,​349 കോടിയിൽ നിന്ന് 1,​69,​944 കോടിയായി.

ജി.എസ്.ടി കൊണ്ട് നികുതി വരുമാനത്തിൽ സംസ്ഥാനം പ്രതീക്ഷിച്ചത്ര വർദ്ധനവുണ്ടായില്ലെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് വിശദീകരിക്കുന്നു. മുൻ വർഷം 46,​459.61കോടി ആയിരുന്ന നികുതി വരുമാനം ഈ വർഷം 58,​588 കോടിയായാണ് കൂടിയത്.

കുതിപ്പിന്റെ കേരളം

വിഭാഗം,​ 2018 വർഷം, മുൻവർഷം എന്ന ക്രമത്തിൽ

മൊത്തവരുമാനം- 4,​8​0,​878,​ 5,​13,​695 കോടി

പ്രതിശീർഷ വരുമാനം- 1,​40,​107,​ 1,​48,​927 രൂപ

കാർഷിക വളർച്ച- 0.08% ,​ 3.64%

നിർമ്മാണ മേഖല- 7.8%,​ 9.2%

നെല്ല് ഉത്പാദനം- 436,​ 521 ടൺ

റബ്ബർ ഉത്പാദനം- 540,​ 541 ടൺ