kerala-congress-m

തിരുവനന്തപുരം: കേരളാ കോൺഗ്രസ് (എം)​ വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ചെയർമാനായ ഗാന്ധി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർവമത പ്രാർത്ഥനാ യജ്ഞത്തിൽ പി.സി. ജോർജ് എം.എൽ.എ എത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഇന്നലെ സംഘടിപ്പിച്ച പരിപാടിയിലാണ് ക്ഷണിക്കാതെ തന്നെ ജോർജ് എത്തിയത്. ചടങ്ങിൽ രാഷ്ട്രീയമില്ലെന്നും സംഘർഷങ്ങൾക്ക് പരിഹാരം തേടിയുള്ള പ്രാർത്ഥനയാണിതെന്നും പി.ജെ. ജോസഫ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ജോസ് കെ. മാണി നടത്തുന്ന കേരള യാത്രയുമായി ഇതിനെ ബന്ധപ്പെടുത്തേണ്ടെന്നും എതിരാളികളോട് എപ്പോഴും മൃദുസമീപനം സ്വീകരിച്ചിട്ടുള്ളയാളാണ് താനെന്നും ജോസഫ് പറഞ്ഞു. പി.സി. ജോർജിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.ജെ. ജോസഫിന്റെ പ്രാർത്ഥന കോഴയ്‌ക്കെതിരാണെന്നും അതുകൊണ്ടാണ് ക്ഷണമില്ലാതിരുന്നിട്ടും പങ്കെടുത്തതെന്നും പി.സി. ജോർജ് പറഞ്ഞു. കോഴയ്‌ക്കെതിരായ സമരത്തിൽ കെ.എം. മാണി എങ്ങനെയാണ് പങ്കെടുക്കുന്നതെന്നും ജോർജ് ചോദിച്ചു.

കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാക്കളും എം.എൽ.എമാരുമായ ഡോ.എൻ. ജയരാജ്,​ സി.എഫ്. തോമസ്,​ മോൻസ് ജോസഫ് മുൻ എം.എൽ.എമാരായ ടി.യു. കുരുവിള,​ തോമസ് ഉണ്ണിയാടൻ എന്നിവരും ചടങ്ങിനെത്തി. തലസ്ഥാനത്ത് ഉണ്ടായിട്ടും കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണിയും റോഷി അഗസ്റ്റിനും പരിപാടിയിൽ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി.