ആറ്റിങ്ങൽ: പൊയ്കമുക്ക് പാറയടി പ്രദേശത്ത് കുരങ്ങുകളുടെ ആക്രമണം തുടർക്കഥയാകുമ്പോൾ വീട്ടിനകത്ത് പോലും കഴിയാനാകാതെ ദുരിതത്തിലായിരിക്കുകയാണ് നാട്ടുകാർ. വീടിന് അകത്തോ പുറത്തോ ഒന്നും സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും വീട് പൊളിച്ചാണ് കുരങ്ങുകൾ ഉള്ളിൽ കടന്ന് സാധനങ്ങൾ കവരുന്നതെന്നും നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം രാവിലെ കൂട്ടമായെത്തിയ കുരങ്ങുകൾ പാറയടിയിൽ ബിജുവിന്റെ ഉഴുന്നുവിള വീട് മുഴുവൻ തകർത്ത് വീട്ടിനുള്ളിൽ നിന്നും സാധനങ്ങൾ എടുത്തു കൊണ്ട് പോയി. ഓട് മേഞ്ഞിരുന്ന മേൽക്കൂരയിൽ പലസ്ഥലത്തുനിന്നും ഓട് എടുത്ത് നിലത്തെറിഞ്ഞുടച്ച നിലയിലാണ്. വീടിനകത്തുകയറി പാകം ചെയ്തതും അല്ലാത്തതുമായ മുഴുവൻ ഭക്ഷ്യവസ്തുക്കളും നശിപ്പിച്ചു. വസ്ത്രങ്ങൾ വലിച്ചുവാരിയെറിഞ്ഞും ചില്ലുഗ്ലാസുകൾ അടിച്ചുടച്ചും വലിയ നാശമാണ് കുരങ്ങുകൾ ഉണ്ടാക്കിയത്. കരിക്കുകൾ അടർത്തി കുടിക്കുന്നതും കൃഷി നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. മരച്ചീനി, വാഴ, പച്ചക്കറി എന്നിവ പിഴുത് എറിയുന്നത് കുരങ്ങുകളുടെ വിനോദമായിട്ടുണ്ട്. പഞ്ചായത്തധികൃതരെ വിവരമറിയിച്ചെങ്കിലും നടപടികളുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.