തിരുവനന്തപുരം: പ്രളയദുരന്തത്തിൽ കൃഷിനാശം നേരിട്ട കർഷകരുടെ കടം എഴുതി തള്ളുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരിത ബാധിതരെ സഹായിക്കാൻ സൂക്ഷ്മ പദ്ധതികൾ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മഖ്യമന്ത്രി.
മുഖ്യമന്ത്രി പറഞ്ഞത്
പ്രളയത്തിൽ പൂർണമായി തകർന്ന വീടുകളുടെ പുനർനിർമ്മാണം ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കും.
13,362 വീടുകളാണ് നിർമ്മിക്കുന്നത്.
ഭാഗികമായി തകർന്ന വീടുകളുടെ നിർമ്മാണം ഫെബ്രുവരി 15 നുള്ളിൽ തീർക്കും.
രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളുടെയും മറ്റ് ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ തുകയും ഇന്ധനചെലവും നൽകിക്കഴിഞ്ഞു.
ഓഖി ദുരന്തകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 108.34 കോടി രൂപയാണ് ലഭിച്ചത്.
അഞ്ചു ഘട്ടങ്ങളിലായി 110.84 കോടി ധനസഹായമായി വിതരണം ചെയ്തു.
യു.എ.ഇയിൽ തുടങ്ങിയ പ്രവാസി ചിട്ടിയിലൂടെ ഇതുവരെ 160 കോടി സമാഹരിച്ചു.
മറ്ര് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടെ കേരളത്തിന്റെ വലിയ സാമ്പത്തിക സ്രോതസായി മാറും.
മൂന്ന് ഭാഗമായി നടപ്പാക്കുന്ന ലൈഫ് പദ്ധതിയിൽ 50,000 വീടുകൾ പൂർത്തിയാക്കി.
മുൻ വർഷങ്ങളിലേതുപോലെ സർക്കാരിന്റെ പ്രവർത്തനം സംബന്ധിച്ച പ്രോഗ്രസ് മൂന്നാം വർഷവുമുണ്ടാവും.
സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ നേരത്തേ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്തിരിക്കും.