എം.ബി.ബി.എസ് ഡോക്ടർമാർ പലരെയും കണ്ടിട്ടുണ്ടെങ്കിലും മുനീർ ഡോക്ടറെ പോലൊരു ഡോക്ടറെ കണ്ടെത്തുകയെന്നത് അപൂർവഭാഗ്യമാണ്. അത്യപൂർവമായ വൈറസ് ബാധയെ പോലും ചിലരുടെ നോക്കും വാക്കും നടപ്പും നോക്കി കണ്ടെത്തിക്കളയുന്ന സിദ്ധിയാണദ്ദേഹത്തിന്. എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടറേ എന്ന് അദ്ദേഹത്തോട് ആരും ചോദിക്കേണ്ടതില്ല.
അപൂർവമായ 'ഫാസിസ്റ്റ് വൈറസ്' ബാധിച്ച രോഗിയെയാണ് മുനീർ കണ്ടെത്തിക്കളഞ്ഞത്. അഭിനവബുദ്ധിജീവി വൈറസിനെ ജന്മനാ പേറുന്ന എം. സ്വരാജ് ആണ് ഹതഭാഗ്യൻ. സ്വരാജിന്റെ കോൺഗ്രസ്, ലീഗ് വിമർശനങ്ങളാണ് ഡോക്ടറുടെ കണ്ണിൽ രോഗലക്ഷണങ്ങൾ. കോൺഗ്രസ് നശിച്ച് പോകണമെന്ന് ആഗ്രഹിക്കാത്ത ഫാസിസ്റ്റ് വിരുദ്ധ മനസ് സ്വരാജ് തുറന്നുകാട്ടിയിട്ടും സ്വന്തം ഡയഗ്നോസിസിൽ ഡോക്ടർ ഉറച്ചുനിന്നതേയുള്ളൂ.
ഫാസിസത്തെ കണ്ടുപിടിക്കാൻ ഡോക്ടറല്ല വേണ്ടത് എന്ന് ഡോക്ടറോട് സ്വരാജ് പറഞ്ഞുനോക്കി. ചരിത്രപരമായ അവബോധവും രാഷ്ട്രീയവും സാമൂഹ്യവുമായ കാഴ്ചപ്പാടുമാണ് വേണ്ടതെന്നും സ്നേഹബുദ്ധ്യാ ഉപദേശിച്ചു. അതുൾക്കൊള്ളാനുള്ള മനസ് ഒട്ടുമേ ഇല്ലാതിരുന്നതിനാൽ, അപകടാവസ്ഥയിലേക്ക് പോകും മുമ്പേ ചികിത്സ തുടങ്ങിക്കോളാനായിരുന്നു മുനീർ ഡോക്ടറുടെ കല്പന.
വിശ്വാസം അതല്ലേ എല്ലാം എന്നതാണ് തിരഞ്ഞെടുപ്പുകാലത്തെ ലോകചിന്തകൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വമ്പിച്ച പിന്തുണ യു.ഡി.എഫിന് നൽകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അതിനാൽ ഉറപ്പിച്ചുപറഞ്ഞു. 20 സീറ്റിലും ഇടതുമുന്നണിയെ വിജയിപ്പിക്കാനുള്ള ശ്രമമാണ് മതനിരപേക്ഷ മനസുള്ള ജനതയാകെ നടത്തുന്നതെന്നതിൽ വിഷമിച്ചിട്ട് കാര്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
നല്ല നിലയിലുള്ള എറണാകുളത്തെ ജനറൽ ആശുപത്രിക്കടുത്ത് വച്ചുതന്നെ കേരളത്തിൽ ആശുപത്രിയുണ്ടോയെന്ന് രാഹുൽഗാന്ധി പ്രസംഗിച്ചത് കേട്ടിട്ട് യോഗി ആദിത്യനാഥ് തലശ്ശേരിയിൽ പ്രസംഗിച്ചത് പോലെ മുഖ്യമന്ത്രിക്ക് തോന്നിയിട്ടുണ്ട്. കേരളത്തിൽ ഇത് പറയുന്നത് ശരിയല്ല എന്ന് തർജ്ജമ ചെയ്ത സതീശനെങ്കിലും ചെവിയിൽ പറയാമായിരുന്നില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചെങ്കിലും സതീശൻ കേട്ടതായി നടിച്ചില്ല.
ഭഗവാന് സ്ത്രീയും പുരുഷനുമെല്ലാം ഒന്നാണെന്നിരിക്കെ ശബരിമലയിൽ സ്ത്രീയെ അകറ്റിനിറുത്താൻ സമരം ചെയ്തവർക്ക് നൽകാൻ സ്ത്രീകൾ എണ്ണിവച്ചിട്ടുണ്ടെന്ന കടുത്ത മുന്നറിയിപ്പ് പി. ഐഷാപോറ്റി നൽകിയിട്ടുണ്ട്.
ദിവാൻ സർ സി.പി കേരള സർവകലാശാലയിലേക്ക് ആൽബർട്ട് ഐൻസ്റ്റീനെ വി.സിയാക്കാൻ ക്ഷണിച്ച ചരിത്രസംഭവത്തിന് ശേഷം മറ്റൊരു ചരിത്രപരമായ നിയമനമുണ്ടായത് ന്യൂനപക്ഷ ധനകാര്യ കോർപറേഷനിലെ കെ.ടി. അദീബിന്റെ നിയമനത്തിലാണെന്ന് എം. ഉമ്മർ കരുതുന്നു. ഏത് ചപ്പുചവറിനെയും നവോത്ഥാനമെന്ന വർണക്കടലാസിൽ സർക്കാർ പൊതിയുന്നതിലാണ് എം. വിൻസെന്റിന് അമർഷമത്രയും. പുറമേക്ക് രണ്ട് മുഖമെങ്കിലും തുണിയുരിഞ്ഞാൽ ഒറ്റ ഉടലെന്ന് തിരിച്ചറിയാവുന്ന സയാമീസ് ഇരട്ടകളായി ബി.ജെ.പിയെയും കോൺഗ്രസിനെയും കെ. രാജൻ നിരീക്ഷിച്ചു.