1

വിഴിഞ്ഞം: ഒന്നര വയസുകാരനടക്കം അഞ്ചുപേർക്ക് തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ നായ പിടിത്തം ആരംഭിച്ചു. വിഴിഞ്ഞം, കോട്ടപ്പുറം ഭാഗങ്ങളിൽ നിന്ന് ഇന്നലെ എട്ടു നായ്ക്കളെ പിടികൂടി. നഗരസഭയുടെ വിഴിഞ്ഞം സോണൽ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. പ്രേംനവാസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിനു എസ്. ദാസ്, വി.എസ്. രാജി, യു. റഖിം ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് നായ പിടിത്തം ആരംഭിച്ചത്. ഞായറാഴ്ചയാണ് കോട്ടപ്പുറം ചരുവിള കോളനിയിൽ ഡെൻസൺ - പ്രിയങ്ക ദമ്പതികളുടെ മകൻ ടിജോ ഡെൻസൺ (ഒന്നര), രാജ്‌കുമാർ (37), മകൻ റിക്സൺ രാജ് (10), സേവിയർ (53), കരിംപള്ളിക്കര സ്വദേശി രാജമ്മ (55) എന്നിവർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുള്ള ബാലനെ നായ ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്കും വഴിയാത്രക്കാർക്കുമാണ് കടിയേറ്റത്. കോട്ടപ്പുറം കരിമ്പള്ളിക്കര ഭാഗങ്ങളിൽ തെരുവ് നായ ശല്യം വർദ്ധിക്കുകയാണ്. രണ്ടു വർഷം മുൻപാണ് പുല്ലുവിള സ്വദേശിയായ ജോസ് ക്ലിന്ന് (48), സിൽവമ്മ എന്നിവർ തെരുവ് നായ ആക്രമണത്തിൽ മരിച്ചത്. അന്ന് നായ ശല്യത്തിനെതിരെ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകിയെങ്കിലും ഒന്നും നടപ്പിലായില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് നഗരസഭയുടെ നേതൃത്വത്തിൽ നടപടി തുടങ്ങിയത്.