pinarayi-vijayan

തിരുവനന്തപുരം: ജനങ്ങൾ എൽ.ഡി.എഫിനൊപ്പമാണെന്നും യു.ഡി.എഫ് അതിന് വിഷമിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിലും എൽ.ഡി.എഫിനെ വിജയിപ്പിക്കാനുള്ള ഒരുക്കം ജനങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിൽ നിന്ന് ജയിക്കുന്ന എൽ.ഡി.എഫുകാരിൽ ജനങ്ങൾക്ക് പൂർണവിശ്വാസമുണ്ട്. ശബരിമല വിഷയത്തിൽ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിനെതിരെ പ്രധാനമന്ത്രി പ്രസംഗിച്ചിട്ടും യു.ഡി.എഫ് ഒരക്ഷരം മിണ്ടിയില്ല. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധി നടത്തിയ പരാമർശം വലിയ അബദ്ധമാണ്. ഒരുസമയത്ത് രാജ്യമാകെ നിലനിന്ന പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ ഇപ്പോൾ മഹാമേരുവല്ല. എങ്ങനെ ഈ ശോഷണം സംഭവിച്ചു. പ്രാദേശിക സഖ്യങ്ങളെ കോൺഗ്രസ് വലുതായി കാണണം. ബി.ജെ.പി ഇനി അധികാരത്തിൽ വന്നാൽ രാജ്യം തകരും. അതിനാൽ ബി.ജെ.പി തകരണം. പക്ഷേ ബി.ജെ.പി തകരുമ്പോൾ തങ്ങളാണ് എല്ലാറ്റിനും മുകളിലെന്ന് കോൺഗ്രസ് ധരിക്കരുത്.

ശബരിമലയുടെ കാര്യത്തിൽ കേരളത്തിലെ കമ്യൂണിസ്റ്റുകാർ സാംസ്കാരിക പൈതൃകത്തിന് നേരെ ആക്രമണം നടത്തുന്നുവെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. സുപ്രീംകോടതി വിധി ഉയർത്തിപ്പിടിക്കാൻ ബാദ്ധ്യസ്ഥനാണ് പ്രധാനമന്ത്രിയെന്നും മുഖ്യമന്ത്രി പറഞ്ഞു.