minister-ravindranath

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ തിരിച്ചറിയാതെ ഇകഴ്ത്തി സംസാരിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ കേരളത്തിലെ സ്‌കൂളുകൾ കാണാൻ ക്ഷണിച്ച് മന്ത്രി സി. രവീന്ദ്രനാഥ്. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ആർജ്ജിച്ച നേട്ടങ്ങൾ കാണാൻ തിരക്കുകൾ മാറ്റിവച്ച് വരാനാണ് രാഹുലിനോട് ഫേസ്ബുക്ക് പോസ്റ്റിൽ രവീന്ദ്രനാഥ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലാണ് രാഹുൽഗാന്ധി കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ നിലവാരമില്ലായ്മയെപ്പറ്റി സംസാരിച്ചത്.

പ്രൈമറി വിദ്യാലയങ്ങളിൽ നടക്കുന്ന പഠനോത്സവത്തിൽ പങ്കാളിയായി കുട്ടികൾ ആർജിച്ച ശേഷികളും അറിവുകളും നേരിൽ കാണാനാണ് മന്ത്രിയുടെ ക്ഷണം. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ കാണാൻ ആവശ്യപ്പെട്ട മന്ത്രി പ്രഥം എന്ന സർക്കാരിതര ഏജൻസി 2019 ജനുവരി 15ന് പ്രസിദ്ധീകരിച്ച ഗ്രാമീണ ഇന്ത്യയുടെ ആന്വൽ സ്റ്റാറ്റസ് ഒഫ് എഡ്യൂക്കേഷൻ റിപ്പോർട്ടിലെ കേരളത്തിന്റെ മികവും നിതി ആയോഗ് രണ്ടാഴ്ചമുമ്പ് പുറത്തുവിട്ട രേഖയിലെ വിവരങ്ങളും രാഹുലിന്റെ ശ്രദ്ധയിൽപ്പെടുത്തി. യു.ഡി.എഫ് സർക്കാർ അടച്ചുപൂട്ടിയ നാല് സ്‌കൂളുകൾ ഏറ്റെടുക്കാൻ ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനിച്ചതും മന്ത്രി രാഹുലിനെ ഒാർമിപ്പിക്കുന്നു.