bee

വിതുര: പൊൻമുടി- തിരുവനന്തപുരം സംസ്ഥാന പാതയിൽ വിതുര ആനപ്പാറ ചിറ്റാർ ജംഗ്ഷനിലുള്ള മുള്ളിലവ് മരത്തിലെ തേനീച്ചയുടെ കുത്തേറ്റ് വൃദ്ധൻ മരിച്ചതോടെ നാട്ടുകാർ പേടിച്ചാണ് ഇവിടെ കഴിയുന്നത്. തൊളിക്കോട്, വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പേരയത്തുറ നിവാസികൾക്കും ഇപ്പോൾ തേനീച്ച കൂട് തലവേദനയായിരിക്കുകയാണ്. വെള്ളനാട് ചെറ്റച്ചൽ സ്പെഷ്യൽ പാക്കേജ് റോഡരികിൽ വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിന് നില്കുന്ന രണ്ട് കൂറ്റൻ ആഞ്ഞിലിമരവും ഇപ്പോൾ തേനീച്ചകളുടെ പിടിയിലാണ്. രണ്ട് മരങ്ങളിലായി ഇരുപതോളം കൂടുകളാണ് ഉള്ളത്. തൊട്ടടുത്തുള്ള മൂന്നാമത്തെ മരത്തിലേക്കും തേനീച്ചകൾ കൂടുകെട്ടിത്തുടങ്ങി. പരുന്തോ മറ്റ് പക്ഷികളോ കാറ്റോ തട്ടിയാൽ തേനീച്ചകൾ കൂട്ടത്തോടെ ഇളകും. നിരവധി തവണ നാട്ടുകാർക്ക് തേനീച്ചക്കുത്തേൽക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്തുതന്നെ തേനീച്ചയുടെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചതോടെ നാട്ടുകാർ ഇപ്പോൾ പേടിച്ചാണ് ഇവിടെ കഴിയുന്നത്.

വിതുര എം.ജി.എം സ്കൂൾ, വിതുര ഗവ ഹൈസ്കൂൾ,യു.പി.എസ്, തൊളിക്കോട് എ.ആർ.ആർ.സ്കൂൾ, ആനപ്പെട്ടലെന സ്കൂൾ,തൊളിക്കോട് ഹൈസ്കൂൾ, യു.പി.എസ് എന്നിവിടങ്ങളിലേക്കായി നൂറുകണക്കിന് വിദ്യാർത്ഥികൾ കടന്നുപോകുന്നത് ഈ മരത്തിന് സമീപത്തകൂടെയാണ്. തേനീച്ചകൾ ഇവിടെ ചേക്കേറിയിട്ട്പത്ത് വർഷമാകുന്നു.ഇൗ മരത്തിന് സമീപം ധാരാളം വീടുകളുണ്ട്. തേനീച്ചകൾ ഇളകി വിദ്യാർത്ഥികളെ ആക്രമിച്ചിട്ടുമുണ്ട്. സ്കൂൾ അധികൃതരും നാട്ടുകാരും അനവധി തവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിട്ടും തേനീച്ചകളെ നീക്കം ചെയ്തില്ല. മുൻപ് നാട്ടുകാർക്ക് ഭീഷണിയായി ഇൗ മരങ്ങൾ മുറിച്ചുമാറ്റുവാൻ തീരുമാനമായെങ്കിലും പിന്നീട് അനക്കമില്ലാതായി.

തേനീച്ചകളുടെ എണ്ണം അനുദിനം കൂടുകയും കൂടുകളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. കാൽനടയാത്രികർ ഇൗ മരങ്ങൾക്കടുത്ത് എത്തുമ്പോൾ ഒാടി മാറേണ്ട അവസ്ഥയിലാണ്. ഒരിക്കൽ തേനീച്ചകൂടുകൾ ഇളകി കെ.എസ്.ആർ.ടി.സി ബസിൽ കയറി യാത്രക്കാരെ കുത്തി പരിക്കേൽപ്പിച്ചു. ഇതോടെ നാട്ടുകാരും വിദ്യാർത്ഥികളും പൊതുമരാമത്ത് വകുപ്പ് മേധാവികൾക്ക് പരാതി നൽകിയിരുന്നു. നിരന്തരം പ്രശ്നങ്ങൾ നടന്നിട്ടും തേനീച്ചകളെ നീക്കം ചെയ്യാത്തതിനെതിരെ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.