വിഴിഞ്ഞം: അദാനി ഫൗണ്ടേഷന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ ശുചിത്വ സംസ്കാരം രൂപപ്പെടുത്തുന്നതിനായി വിദ്യാലയങ്ങൾ വഴി നടപ്പിലാക്കുന്ന സ്വച്ഛാഗ്രഹ പദ്ധതിയുടെ ഭാഗമായായുള്ള 'ശുചിത്വ നക്ഷത്രങ്ങൾ' കാമ്പെയിനിന് തുടക്കമായി . ജില്ലയിലെ തിരഞ്ഞെടുത്ത 130 വിദ്യാലയങ്ങളിലാണ് കാമ്പെയിൻ സംഘടിപ്പിക്കുന്നത്. ഓരോ സ്കൂളിലെയും വിദ്യാർത്ഥികൾ സ്കൂൾ, തദ്ദേശഭരണ സ്ഥാപനം, പൊതു സ്ഥാപനങ്ങൾ, പൊതു സമൂഹം, വീടുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിലേതെങ്കിലുമൊന്നിൽ ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി അവരുടെ തൊഴിലിടങ്ങളിൽ ചെന്ന് സംസാരിക്കുകയും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇതിന്റെ തുടക്കമെന്നോണം ഉച്ചക്കട സെന്റ് പോൾസ് സി.എസ്.ഐ.ഡബ്ലിയു.എഫ് സ്കൂൾ', വിഴിഞ്ഞം കോട്ടപ്പുറത്ത് പ്രവർത്തിക്കുന്ന സെന്റ് ഉർസുലാ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഗവ. യു.പി.എസ് പനവിള, ഗവ. വി.എച്ച്.എസ്.സി വട്ടിയൂർക്കാവ്, ഗവ. വി.എച്ച്.എസ്.എസ് കോട്ടുകാൽ, സെന്റ്മേരീസ് എച്ച്.എസ്.എസ്. കോട്ടപ്പുറം, വിഴിഞ്ഞം എന്നീ സ്കൂളിലെ സ്വച്ഛാ ഗ്രഹ ക്ലബ് അംഗങ്ങൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിദ്യാർത്ഥികൾ വിഴിഞ്ഞം കൊച്ചുപള്ളിക്ക് സമീപമുള്ള മാലിന്യ നിർമ്മാർജ്ജന സംവിധാനമായ 'തുമ്പൂർമുഴി എയ്റോബിക്ക് ബിൻ', തുറമുഖ പദ്ധതി പ്രദേശം, കോട്ടപ്പുറം പ്രദേശം, വിവിധ വിദ്യാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവ സന്ദർശിക്കുകയും ശുചീകരണ ജീവനക്കാരുമായി സംവദിക്കുകയും ചെയ്തു. ശുചീകരണ തൊഴിലാളികളുമായി സംവദിക്കുന്ന വിദ്യാർത്ഥികൾ അതിന്റെ ഫോട്ടോ, വീഡിയോ എന്നിവ അദാനി ഫൗണ്ടേഷന് സമർപ്പിക്കും. തിരഞ്ഞെടുക്കുന്ന വിദ്യാലയങ്ങൾക്ക് അവാർഡും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.