endosulfan3
എൻഡോസൾഫാൻ ദുരിത ബാധിതരായ അമ്മമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചികാല പട്ടിണിസമരം.

തിരുവനന്തപുരം: എൻഡോസൾഫാന്റെ ആക്രമണത്തിൽ വളർച്ച മുരടിച്ചുപോയ കുഞ്ഞുങ്ങളുടെ ദുരിതം കണ്ട് മനസു തകർന്ന അമ്മമാർ പട്ടിണി സമരവുമായി വീണ്ടും തലസ്ഥാനത്ത് എത്തി. മനുഷ്യാവകാശ കമ്മിഷനും സുപ്രീംകോടതിയും വിധിച്ച നഷ്ടപരിഹാര പാക്കേജ് പൂർണമായി നടപ്പാക്കുക, മുഴുവൻ ദുരിതബാധിതരെയും സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തുക, പുനരധിവാസ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുക എന്നി ആവശ്യങ്ങളുമായാണ് സെക്രട്ടേറിയറ്റിനു മുന്നിൽ അമ്മമാർ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചത്. സമരത്തിൽ പങ്കെടുക്കാനെത്തിയ സമൂഹിക പ്രവർത്തക ദയാബായി ഏകാംഗ അഭിനയത്തിലൂടെ തന്റെ പ്രതിഷേധവും സമരക്കാരുടെ ആവശ്യവും അറിയിച്ചു.

ഇരകളും കുടുംബവും അനുഭവിക്കുന്ന ദുരിതങ്ങൾ അവർ അവതരിപ്പിച്ചു. ഇരകളായ കുഞ്ഞുങ്ങളെ സമരപ്പന്തലിൽ കൊണ്ടുവരുന്നതിനെതിരെ ബാലാവകാശ കമ്മിഷൻ നടത്തിയ ഇടപെടലിനെയും ദയാബായി വിമർശിച്ചു. സർക്കാർ ആദ്യം 10 കോടി പ്രഖ്യാപിച്ചു. പിന്നെ, 50 കോടി പ്രഖ്യാപിച്ചു. എന്നാൽ പത്തു രൂപ പോലും ആർക്കും കിട്ടിയിട്ടില്ല. കടം എഴുതിത്തള്ളുമെന്ന് പറഞ്ഞിട്ട് വാട്ടർടാങ്ക് പണിയുകയാണ് സർക്കാർ ചെയ്തതെന്നും ദയാബായി പറഞ്ഞു.

വൈകിട്ട് സമരത്തിന് പിന്തുണയുമായി സുഗതകുമാരിയും എത്തി. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്.

ഭരണകൂടം ജനങ്ങൾക്ക് മേൽ അടിച്ചേല്പിച്ചതാണ് എൻഡോസൾഫാൻ ദുരന്തമെന്നും അതിന് കാരണക്കാരായവരെ കൈയാമം വയ്ക്കാൻ ജനാധിപത്യ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്നും സമരത്തിന് അഭിവാദ്യമർപ്പിച്ച വി.എം. സുധീരൻ പറഞ്ഞു. കൂടംകുളം സമരനായകൻ എസ്.പി. ഉദയകുമാർ സമരം ഉദ്ഘാടനം ചെയ്തു.

ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ അദ്ധ്യക്ഷനായിരുന്നു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ഡോ. ഡി. സുരേന്ദ്രനാഥ്, വെള്ളനാട് രാമചന്ദ്രൻ, മെൽവിൻ വിനോദ്, മിർസാദ് റഹ്മാൻ, എം. ഷാജർഖാൻ തുടങ്ങിയവർ സംസാരിച്ചു.