nooliyode

മലയിൻകീഴ്: കേന്ദ്ര സർക്കാരിന്റെ സമ്പൂർണ്ണ ബീമാ ഗ്രാമയോജനയുടെ ഭാഗമായി വിളപ്പിൽ പഞ്ചായത്തിലെ നൂലിയോട് വാർഡിനെ സമ്പൂർണ്ണ ബീമാഗ്രാമമായി തപാൽ വകുപ്പ് കേരള സർക്കിൾ ഡെപ്യൂട്ടി ഡിവിഷണൽ മാനേജർ എൽ.കെ. ഗംഗാധരൻ പ്രഖ്യാപിച്ചു. പോസ്റ്റൽ സൗത്ത് ഡിവിഷനിലെ രണ്ടാമത്തെ ബീമാഗ്രാമമാണ് നൂലിയോട്. വെള്ളറട പഞ്ചായത്തിലെ കൂതാളി വാർഡാണ് ആദ്യ ബീമാഗ്രാമം. ഗ്രാമവാസികളെ മുഴുവൻ മികച്ച സാമ്പത്തിക ഭദ്രതയും ജീവിത സുരക്ഷയും ഉറപ്പുവരുത്തുന്ന ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബീമാഗ്രാമം രൂപീകരിക്കുന്നത്. പ്രഖ്യാപന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിളപ്പിൽശാല നടന്ന യോഗത്തിൽ നോർത്ത് ഡിവിഷൻ സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസസ് ശിവദാസൻപിള്ള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ആർ.എസ്. അജിതകുമാരി, ചന്ദ്രിക, തപാൽ വകുപ്പ് ഉദ്യോഗസ്ഥരായ ശോഭാ തോമസ്, കെ.ആർ. ലൈഷ, ബിന്ദു എന്നിവർ സംസാരിച്ചു.