തിരുവനന്തപുരം: പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാർ ജാഗ്രത കാട്ടുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി. വി.ഡി. സതീശനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് അവതരിപ്പിച്ചത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പുനർനിർമ്മാണ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുകയാണെന്നും സഹായവിതരണവുമായി ബന്ധപ്പെട്ട് ഇനിയുള്ള പരാതികൾ പരിശോധിച്ച് അർഹതപ്പെട്ടവർക്ക് സഹായം ലഭ്യമാക്കുമെന്നും മന്ത്റി ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി.
പ്രളയത്തിൽ 13362 വീടുകൾ പൂർണമായി തകർന്നു. 7428 പേർ സ്വയം വീട് നിർമ്മിക്കാമെന്ന് അറിയിച്ചു. 9343 പേർക്ക് നഷ്ടപരിഹാര തുകയുടെ ആദ്യഗഡു നൽകി. വീടുകൾ ഭാഗികമായി തകർന്നവർക്കുള്ള ധനസഹായത്തിന്റെ എല്ലാ ഗഡുക്കളും അടുത്തമാസം 15ന് മുമ്പ് നൽകും കഴിഞ്ഞ മാസം 23 വരെ വിവിധയിനങ്ങളിലായി 1501.3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 898.01 കോടി രൂപ സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്ന് ചെലവഴിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ എതിർപ്പ് മാത്രമാണെന്നും മന്ത്റി പറഞ്ഞു.
അതേസമയം, റീബിൽഡ് കേരള സർക്കാരിന്റെ മുൻഗണനയിൽ പോലുമില്ലെന്ന് നോട്ടീസ് നൽകിയ വി.ഡി. സതീശൻ പറഞ്ഞു. പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ എണ്ണം കണക്കാക്കുന്നതിൽ പാളിച്ചയുണ്ടായി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാരിന്റെ കൈയിലുള്ളതിന്റെ 25 ശതമാനം പോലും ചെലവാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി പ്രളയത്തിന്റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എം.കെ. മുനീർ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.