tng

തിരുവനന്തപുരം: ഒരു സാധാരണ നഴ്സെന്നതിലുപരി സേവനം എന്താണെന്ന് സമൂഹത്തിന് കാണിച്ചുകൊടുത്ത വ്യക്തിയായിരുന്നു തന്റെ ഭാര്യയെന്ന് നിപയോട് പൊരുതി രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പറഞ്ഞു.

ജനങ്ങൾക്ക് ലിനിയോടുള്ള ആദരവ് സ്നേഹത്തിന്റെ രൂപത്തിൽ കുടുംബത്തിനോട് കാണിക്കുന്നതിൽ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്‌ത മാദ്ധ്യമപ്രവർത്തകൻ ടി.എൻ. ഗോപകുമാറിന്റെ പേരിലേർപ്പെടുത്തിയിട്ടുള്ള മൂന്നാമത് ടി.എൻ.ജി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മയ്‌ക്ക് കിട്ടിയ അംഗീകാരം വാങ്ങാൻ അച്ഛനൊപ്പം കുഞ്ഞ് റിഥുൽ വേദിയിലെത്തിയപ്പോൾ ഇതൊന്നുമറിയാതെ അമ്മുമ്മയുടെ മടിയിലുറങ്ങുകയായിരുന്നു സിദ്ധാർത്ഥ്. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും ഉൾപ്പെടുന്ന പുരസ്കാരം സ്പീക്കർ ശ്രീരാമകൃഷ്ണനാണ് സമ്മാനിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. എസ്.എം. വിജയാനന്ദ്,​ ചലച്ചിത്രസംവിധായകൻ ടി.വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.