naseem

 നസീമിന്റെ കീഴടങ്ങൽ മന്ത്രിമാരുടെ ചടങ്ങിൽ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നതിനാൽ

തിരുവനന്തപുരം: പാളയത്ത് ട്രാഫിക് നിയമലംഘനം ചോദ്യംചെയ്ത പൊലീസുകാരെ ഒന്നര മാസം മുമ്പ് നടുറോഡിൽ തല്ലിച്ചതച്ച കേസിലെ പ്രതികളെ രക്ഷിക്കാനുള്ള നാടകം പൊളിഞ്ഞതിനെത്തുടർന്ന്‌ ഒന്നാം പ്രതിയും ഇന്നലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റി അംഗം നസീമാണ് കീഴടങ്ങിയത്. ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്‌ മൂന്നാം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ നാല് പ്രതികൾ നേരത്തേ കീഴടങ്ങിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് യൂണിവേഴ്സിറ്റി കോളേജിൽ മന്ത്രിമാരായ എ.കെ. ബാലനും കെ.ടി. ജലീലും പങ്കെടുത്ത പരിപാടിയുടെ സദസിൽ നസീം ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തായതിനെത്തുടർന്നുയർന്ന ആക്ഷേപങ്ങൾക്കു പിന്നാലെയാണ് കീഴടങ്ങൽ. ഇയാൾ ഒളിവിലാണെന്നായിരുന്നു കന്റോൺമെന്റ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്.
എന്നാൽ, അതേ സ്റ്റേഷൻ പരിധിയിൽ നടന്ന പരിപാടിയിൽ പ്രതി പങ്കെടുത്തത് പൊലീസിന്‌ നാണക്കേടായി. ഇയാളെ സി.പി.എം സംരക്ഷിക്കുന്നതിന്റെ തെളിവാണിതെന്ന ആക്ഷേപവും ശക്തമായി. ഇതോടെ പാർട്ടിയും പൊലീസും പ്രതിരോധത്തിലായി. തുടർന്നാണ് കീഴടങ്ങൽ.

എസ്.എഫ്‌.ഐ പ്രവർത്തകരായ ആരോമൽ, ശ്രീജിത്ത്, അഖിൽ, ഹൈദർ എന്നിവർ പൂജപ്പുര സ്റ്റേഷനിലാണ് നേരത്തേ കീഴടങ്ങിയത്. സി.സി ടിവി ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ലാത്ത ഒരാൾ ഇനിയും അറസ്റ്റിലാകാനുണ്ട്. ഡിസംബർ 12ന് പാളയം യുദ്ധസ്‌മാരകത്തിന് സമീപമായിരുന്നു സംഭവം. എസ്.എ.പി ക്യാമ്പിലെ വിനയചന്ദ്രൻ, ശരത് എന്നീ പൊലീസുകാരെയാണ് പത്തോളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞ്‌ മർദ്ദിച്ചത്.